പരിസ്ഥിതി സൗഹൃദ ഡ്രോണുകളുമായി നാസ
ന്യൂയോർക്ക്: ചിത്രങ്ങൾ പകർത്തുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും സിനിമ ഷൂട്ടിംഗിനും മറ്റും ഉപയോഗിച്ചു വരുന്ന ഡ്രോൺ നമ്മൾ കണ്ടിട്ടുണ്ട്. ശാസ്ത്ര രംഗത്തും സിനിമാ ഷൂട്ടിംഗിനും മറ്റും ഉപയോഗിച്ചു വരുന്ന ഡ്രോണിന്റെ മറ്റൊരു പതിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാസയിലെ ഒരു കൂട്ടം ഗവേഷകർ. ഇതുവരെ കണ്ടെത്തിയതിൽ നിന്നും വ്യത്യസ്തമായി പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കാത്ത തരം ഡ്രോണുകളാണ് തങ്ങൾ നിർമ്മിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. സ്വയം നശിച്ചു പോകാൻ ശേഷിയുള്ള (ബയോ ഡീഗ്രേഡബിൾ) ഡ്രോണുകളാണ് ഇവ.
പൈലറ്റില്ലാത്ത വിമാനം വികസിപ്പിച്ചെടുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഒരു കൂട്ടം ഗവേഷകരാണ് കണ്ടുപിടുത്തത്തിന് പിന്നിൽ. ഇത്തരത്തിലുള്ള വിമാനങ്ങൾക്ക് പോരായ്മകൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.സ്വയം ചീഞ്ഞഴുകാൻ ശേഷിയുള്ള ഡ്രോണുകളെ സംബന്ധിച്ച് അതിനുള്ള സാധ്യതകൾ വളരെ കുറവാണ്. എവിടെയെങ്കിലും അകപ്പെട്ടാൽ അവ ദിവസങ്ങൾക്കകം സ്വയം നശിക്കും.
ശാസ്ത്ര രംഗത്ത് ഏറെ സംഭാവനകൾ നൽകിയ നാസയുടെ പുതിയ കണ്ടുപിടിത്തവും അംഗീകരിക്കപ്പെടുമെന്നാണ് ഗവേഷകർ കരുതുന്നത്. കൂണിൽ നിന്നും വേർതിരിച്ചെടുക്കുന്ന മൈസീലിയം,ക്ലോൺഡ് പേപ്പർ, തേനീച്ചയുടെ ഉമിനീര്, മുട്ടസൂക്ഷിച്ച് വയ്ക്കുന്ന കാർബോർഡ് പെട്ടി എന്നിവയാണ് ഡ്രോണിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെന്ന് ഗവേഷകർ പറയുന്നു. വളരെ കട്ടിയുള്ള കൂണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സാധാരണയായി മെറ്റലും പ്ലാസ്റ്റിക്കും കൊണ്ടുള്ള ഡ്രോണുകളാണ് കണ്ടുവരുന്നത്. ലോകത്ത് ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നത് തലവേദനയാകുന്ന സാഹചര്യത്തിൽ വിഘടിക്കാൻ ശേഷിയുള്ള ഡ്രോണുകൾ എന്തുകൊണ്ടും പരിസ്ഥിതിയ്ക്ക് യോജിച്ചതാണ്.
പരിസ്ഥിതി ദുർബലമേഖലകളിലും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതാണ് ഫംഗസ് ഡ്രോണിന്റെ മറ്റൊരു പ്രത്യേകതയെന്നും ഗവേഷകർ പറയുന്നു.



