വാട്ട്‌സ്ആപ്പിന് പ്രതിമാസം 80 കോടി ആക്ടീവ് യൂസർമാർ

ന്യൂയോർക്ക്: ലോകത്തെ പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പിന് പ്രതിമാസം 80 കോടി ആക്ടീവ് യൂസർമാർ. വാട്ട്സ്ആപ്പ് സി.ഇ.ഒ ജാൻ കോം ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 2014 ൽ 60 കോടിയായിരുന്ന സ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആക്ടീവ് യൂസർമാരുടെ എണ്ണം 70 കോടിയായി.
ടെക്‌സ്റ്റ് മെസേജുകൾ, വോയ്‌സ് മെസേജ്, ചിത്രങ്ങൾ, വീഡിയോ എന്നിവ കൂടാതെ ഇപ്പോൾ വോയ്‌സ് കോളിങ് സംവിധാനവും ആരംഭിച്ചതോടെ വാട്ട്‌സ്ആപ്പിന്റെ സമയം തെളിഞ്ഞു. ഇതിന് ഉപഭോക്താക്കളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് 19 ബില്യൺ ഡോളറിനാണ് (ഒരു ലക്ഷത്തി പതിനെണ്ണായിരത്തോളം കോടി രൂപ) വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്തത്. പ്രതിമാസം 139 കോടി ആക്ടീവ് യൂസർമാരാണ് ഫേസ്ബുക്കിനുള്ളത്. ട്വിറ്ററിനേക്കാളും (28.8 കോടി) ഇൻസ്റ്റഗ്രാമിനേക്കാളും (30 കോടി) ജനപ്രീതി വാട്‌സ് ആപിന് തന്നെ.