Thursday , 28 May 2020
News Updates

മംഗൾയാൻ കാർട്ടൂൺ: ന്യൂയോർക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ തെറിയഭിഷേകം

CARTOON

ന്യൂയോർക്ക്: ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ വിജയകരമായത് സായിപ്പൻമാർക്കൊന്നും അത്ര രസിച്ചിട്ടില്ല. അതിന് തെളിവാണ് അതുമായി ബന്ധപ്പെട്ട് അവർ പടച്ചു വിടുന്ന വാർത്തകളും കാർട്ടൂണുകളും. ഇപ്പോഴിതാ ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാർട്ടൂൺ വിവാദമായിരിക്കുകയാണ്. മംഗൾയാൻ പ്രമേയമാക്കി ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ മലയാളികളുടെ രോഷം അലയടിക്കുകയാണ്.

തന്റെ പശുവിനെയും കൊണ്ട് തലപ്പാവ് ധരിച്ച ഒരു കർഷകൻ എലീറ്റ് സ്‌പേസ് ക്ലബിന്റെ വാതിലിൽ മുട്ടുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്ലബിനകത്തിരിക്കുന്നയാൾ മംഗയാൻ ദൗത്യം വിജയകരമായതിന്റെ വാർത്ത വായിക്കുന്നതും കാണാം. ഇതിലൂടെ ന്യൂയോർക്ക് ടൈംസ് പത്രം വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പത്രത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായത്. എപ്പോഴത്തെയും പോലെ മലയാളികൾ ഇതും ആഘോഷമാക്കി.

കാർട്ടൂൺ ന്യൂയോർക്ക് ടൈംസ് ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ പേജിലെ മറ്റ് പോസ്റ്റുകൾക്ക് താഴെയായിരുന്നു തെറിയഭിഷേകം എന്ന് മാത്രം. ചില കമന്റ്‌സ് ഡിലീറ്റ് ചെയ്യുന്നതിലും ചിലർ പ്രതിഷേധിക്കുന്നുണ്ട്. ‘ഐ ലൗ മൈ ഇന്ത്യ’ എന്നു തുടങ്ങി മലയാളത്തിൽ തെറിവിളിക്കുന്നതും, വളരെ രസകരവുമായ കമന്റുകളും കൂട്ടത്തിൽ ഉണ്ട്.

അതിലെ രസകരമായ കമന്റ്‌സ് ഇങ്ങനെയാണ്:-

നേരാ തിരുമേനി ISRO പള്ളിക്കുടത്തിൽ പോയിട്ടില്ല, വിക്രം സാരാഭായി ആയിരുന്നു എന്റെ അപ്പൻ, വിവരമില്ലത്തവന് മാർക്കെന്തിനാടാ സ്‌പേസ് ടെക്‌നോളജി എന്ന് ചോദിച്ച റേഞ്ചർ സായിപ്പിനെ ഒറ്റ വെട്ടിനു രണ്ടു തുണ്ടാക്കിയിട്ടു എന്റെ അപ്പൻ തുമ്പയിൽ റോക്കറ്റു വിക്ഷേപണത്തിനു സ്ഥലമെടുക്കുമ്പോ എന്റെ പത്താമത്തെ പിറന്നാളാ. അന്നു വാപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാരു അപ്പന്റെ ആശയത്തിനിട്ടാട്ടിയത് എടുത്തു തെമ്മാടിക്കുഴിയിൽ കൊണ്ടു തള്ളാൻ. അന്ന്യൻ വിയർക്കുന്ന കാശുകൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു ലിമോസിനിലും എയർഫോർസ് വണ്ണിലും കയറിനടക്കുന്നവരുടെ വെളുവെളുത്ത തൊലിയോട് അന്നു തീർന്നതാ തിരുമേനീ ബഹുമാനം ഇപ്പൊ എനിക്കതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ.’ ‘Irreverence ബഹുമാനക്കുറവ്’

ഒരുപാട് മലയാളികൾ കമന്റ് ചെയ്യാൻ ആയി പുറത്ത് കാത്തുനിൽക്കുന്നുണ്ട് ….ഒരു പ്രാവശ്യം കമന്റ് ചെയ്തവർ പുതുതായി വന്നവർക്ക് കമന്റ് ചെയ്യാൻ സൗകര്യം ചെയ്ത് കൊടുക്കണം എന്ന് ആൾ വേൾഡ് മല്ലു ഫേസ്ബുക്ക് കമൻടിങ് തൊഴിലാളി യൂണിയന്റേയും ഫേസ്ബുക്ക് കമന്റ് അസോസിയേഷന്റെയും പേരിൽ അഭ്യർത്ഥിക്കുന്നു ……..സഹകരിക്കുക …പരിപാടി വിജയിപ്പിക്കുക …

”നിനക്ക് ഒക്കെ ഇന്ത്യക്കാരെയും മംഗൾയാനെയും പുച്ഛമാണല്ലേ… നീയൊക്കെ 3500കോടി കൊണ്ടുപോയി കളഞ്ഞപ്പോൾ വെറും 460 കോടി രൂപ കൊണ്ട് പരിപാടി തീർത്തതാണോ നമ്മൾ ചെയ്ത തെറ്റ്. ആദ്യം ഇന്ത്യാക്കാർ എന്താണെന്ന് പഠിക്കണം. അതിന് സെൻസിബിലിറ്റി വേണം. ഇനി ഇതൊക്കെ പഠിക്കണമെങ്കിൽ മലയാളി ആരാണെന്ന് അറിയണം. സരിതയെ അറിയണം, ഉമ്മച്ചനെ അറിയണം. അബ്ദുള്ളക്കുട്ടിയെ അറിയണം ഇതൊന്നും അറിയില്ലെങ്കിൽ അപ്പോൾ നീ വാ.. നിനക്ക് തരാം മംഗൾയാന്റെ ഒരു കളർഫോട്ടോ. കൊണ്ടുപോയി ഫ്രെയിംചെയ്ത് വച്ച് സായൂജ്യം അടങ്ങ്.

മുൻപ് സച്ചിൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവക്കെതിരെ സോഷ്യൽ മീഡിയയിൽ മല്ലൂസിന്റെ വക ശക്തമായ  ആക്രമണമുണ്ടായിരുന്നു. സമാന രീതിയിലുള്ള ആക്രമണമാണ് ഇപ്പോൾ ന്യൂയോർക്ക് ടൈംസിനെതിരെയും ഉണ്ടായിരിക്കുന്നത്. എന്തായാലും മംഗൾയാൻ ഫെയ്മസ് ആയപോലെ മാതൃഭാഷയും ഫെയ്മസാകുന്ന ലക്ഷണമാണ് കാണുന്നത്.

 

Topics: |

DONT MISS