ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ബി.ജെ.പി പരിപാടിയിൽ നിന്നും ഇറക്കിവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറേയും ക്യാമറാമാനേയും ബി.ജെ.പി പരിപാടിയിൽ നിന്നും ഇറക്കിവിട്ടു. ഇന്ന് തൃശൂരിൽ നടന്ന പരിപാടിയിൽ നിന്നാണ് സംഘാടകർ ന്യൂസ് സംഘത്തെ പുറത്താക്കിയത്. ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി ഹാളിൽ അടിയന്തിരാവസ്ഥ കാലത്ത് പീഡനങ്ങൾ അനുഭവിച്ചവരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ വിവിധ പത്രങ്ങളുടേയും ചാനലുകളുടേയും പ്രതിനിധികൾ എത്തിയിരുന്നു. ഇവരിൽ നിന്നും ഏഷ്യാനെറ്റ് റിപ്പോർട്ടറെ വിളിച്ച് മാറ്റി നിർത്തിയ ശേഷം സംഘാടകർ ഹാളിന് വെളിയിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു.
 | 
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ബി.ജെ.പി പരിപാടിയിൽ നിന്നും ഇറക്കിവിട്ടു

 

തൃശൂർ: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറേയും ക്യാമറാമാനേയും ബി.ജെ.പി പരിപാടിയിൽ നിന്നും ഇറക്കിവിട്ടു. ഇന്ന് തൃശൂരിൽ നടന്ന പരിപാടിയിൽ നിന്നാണ് സംഘാടകർ ന്യൂസ് സംഘത്തെ പുറത്താക്കിയത്. ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി ഹാളിൽ അടിയന്തിരാവസ്ഥ കാലത്ത് പീഡനങ്ങൾ അനുഭവിച്ചവരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ വിവിധ പത്രങ്ങളുടേയും ചാനലുകളുടേയും പ്രതിനിധികൾ എത്തിയിരുന്നു. ഇവരിൽ നിന്നും ഏഷ്യാനെറ്റ് റിപ്പോർട്ടറെ വിളിച്ച് മാറ്റി നിർത്തിയ ശേഷം സംഘാടകർ ഹാളിന് വെളിയിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു.

ഏഷ്യാനെറ്റിന്റെ തൃശൂർ റിപ്പോർട്ടർമാരിൽ ഒരാളായ ദീപാ മഠത്തിലിനോടാണ് ഒരു ജില്ലാ ഭാരവാഹി വിവരം ധരിപ്പിച്ചത്. വി.മുരളീധരന്റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് അറിയിക്കുകയും ചെയ്തു. സ്ഥിരീകരണത്തിനായി ബി.ജെ.പി ജില്ലാ സെക്രട്ടറിയെ വിളിച്ചപ്പോൾ അദ്ദേഹവും ഇതേ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെതിരായ ബഹിഷ്‌കരണം അഖിലേന്ത്യാ തലത്തിൽ വ്യാപിപ്പിക്കാനാണ് ബി.ജെ.പി തീരുമാനമെന്നും പാർട്ടി നേതാവ് ഇവരോട് പറഞ്ഞതായി അറിയുന്നു.

പാർട്ടിയുടെ വളർച്ചയെ തടയും വിധം നിരന്തരമായി വാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് കോട്ടയത്ത് നടന്ന ബി.ജെ.പി സംസ്ഥാനക്കമ്മറ്റി യോഗം ചാനലിനെ ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തത്. പാർട്ടിക്കെതിരായ വാർത്തകൾ ഏഷ്യാനെറ്റ് നിരന്തരമായി നൽകുകയും, നല്ല കാര്യങ്ങളെ പോലും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതായി കെ. സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തെ അപഹാസ്യമായി ചിത്രീകരിക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് യോഗശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വി.മുരളീധരൻ ആരോപിച്ചിരുന്നു. സ്വച്ഛ് ഭാരത് പദ്ധതിയെ പോലും വിമർശിക്കാനാണ് ഏഷ്യാനെറ്റ് സമയം ചെലവഴിച്ചത്. അതിനാൽ ചാനലിനോട് സഹകരിക്കുന്നത് അവസാനിപ്പിക്കുകയാണ്. ചർച്ചകളിലും പരിപാടികളിലും പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായും മുരളീധരൻ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്ന ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചകളിൽ ബി.ജെ.പി നേതാക്കൾ പങ്കെടുത്തിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിലേക്ക് ബി.ജെ.പി സംസ്ഥാനക്കമ്മറ്റി ഭാരവാഹികൾ മാർച്ച് നടത്താനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.