ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിത മേഖലയില്‍ കുടുങ്ങി 8 മലയാളികുടുംബങ്ങള്‍

ഓസ്ട്രേലിയയിലെ കാട്ടുതീ ബാധിത മേഖലയില് കുടുങ്ങി എട്ട് മലയാളി കുടുംബങ്ങള്.
 | 
ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിത മേഖലയില്‍ കുടുങ്ങി 8 മലയാളികുടുംബങ്ങള്‍

ന്യൂ സൗത്ത് വെയില്‍സ്: ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിത മേഖലയില്‍ കുടുങ്ങി എട്ട് മലയാളി കുടുംബങ്ങള്‍. ന്യൂ സൗത്ത് വെയില്‍സിലെ ബേറ്റ്മാന്‍സ് ബേയില്‍ നിന്ന് കാട്ടുതീ മൂലം ഒഴിപ്പിക്കപ്പെട്ടവരാണ് ഒരു വീട്ടില്‍ അഭയം തേടിയിരിക്കുന്നത്. 32 പേരാണ് സംഘത്തിലുള്ളത്.  കടല്‍ത്തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന നോയല്‍ ഡിക്രൂസ് എന്ന മലയാളിയുടെ വീട്ടിലാണ് ഇത്രയും ആളുകള്‍ താമസിക്കുന്നത്. ബേറ്റ്മാന്‍സ് ബേയില്‍ വീടുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ കാട്ടുതീയില്‍ പെട്ടിരുന്നു.

ഡിസംബര്‍ 31നാണ് ഇവര്‍ ബേറ്റ്‌സ്മാന്‍ ബേയില്‍ നിന്ന് പലായനം ചെയ്തത്. കഠിനമായി ചൂടു കൂടുകയാണെങ്കില്‍ കടല്‍വെള്ളത്തില്‍ ശരീരവും വസ്ത്രവും നനയ്ക്കണം എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനാലാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. ഇവിടെ ഒരാഴ്ചയായി വൈദ്യുതിയോ പാചകവാതകമോ ഇല്ല. ചെറിയ പാചകവാതക സിലിണ്ടറുകള്‍ സംഘടിപ്പിച്ച് ഒരു സ്റ്റൗവിലാണ് ഇവര്‍ ഭക്ഷണം പാകം ചെയ്യുന്നത്.

ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം നിലവില്‍ സുരക്ഷിതരാണെന്നാണ് ഇവര്‍ അറിയിക്കുന്നത്. എന്നാല്‍ അധിക ദിവസം തങ്ങാനുള്ള ഭക്ഷണം ഇവരുടെ പക്കല്‍ ഇല്ല. ഇവിടേക്ക് എത്താനുള്ള റോഡുകള്‍ തടസപ്പെട്ടിരിക്കുന്നതിനാല്‍ പുറത്തേക്ക് പോകാനോ പുറത്തു നിന്നുള്ള സഹായം സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.