സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9 പേര്ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു
 | 
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ 4 പേര്‍ക്കും യുകെയില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഫ്രാന്‍സില്‍ നിന്നെത്തിയ ഒരാള്‍ക്കും രോഗബാധയുണ്ടെന്ന് വ്യക്തമായതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി ഉയര്‍ന്നു.

പാലക്കാടും പത്തനംതിട്ടയിലും 2 പേര്‍ക്ക് വീതവും എറണാകുളത്ത് 3 പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് രോഗവാഹകരുമായുള്ള ഇടപഴകലില്‍ നിന്നാണ് രോഗം പകര്‍ന്നത്. ആകെ 12 പേര്‍ രോഗമുക്തരായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തി നേടിയത്.

സംസ്ഥാനത്തൊട്ടാകെ 76,542 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 76,010 ആളുകള്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 122 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.