പാലാരിവട്ടം അപകടം; കൊച്ചിയിലെ റോഡുകളുടെ നിലവാരം പഠിക്കാന്‍ അമിക്കസ് ക്യൂറി

കൊച്ചിയിലെ റോഡുകള് പരിശോധിക്കാന് അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി.
 | 
പാലാരിവട്ടം അപകടം; കൊച്ചിയിലെ റോഡുകളുടെ നിലവാരം പഠിക്കാന്‍ അമിക്കസ് ക്യൂറി

കൊച്ചി: കൊച്ചിയിലെ റോഡുകള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് അഭിഭാഷകരെയാണ് അമിക്കസ് ക്യൂറിമാരായി നിയമിച്ചിരിക്കുന്നത്. പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച സംഭവത്തിലാണ് നടപടി. അടുത്ത വെള്ളിയാഴ്ചയ്ക്കുള്ളില്‍ അമിക്കസ് ക്യൂറി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പാലാരിവട്ടത്തെ അപകടത്തില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റോഡിലെ എല്ലാ കുഴികളിലും മരണം ഒളിച്ചിരിക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി യദുലാലിന്റെ മരണം മറക്കില്ലെന്നും വ്യക്തമാക്കി. നേരത്തേ യദുലാലിന്റെ കുടുംബത്തോട് സമൂഹത്തിന്റെ പേരില്‍ മാപ്പ് ചോദിക്കുകയാണെന്ന് കോടതി പറഞ്ഞിരുന്നു.

അതേസമയം യദുലാലിന്റെ മരണത്തില്‍ നാല് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. റോഡ് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ. പി. സൈനബ, റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂസന്‍ സോളമന്‍ തോമസ്, റോഡ് വിഭാഗം എറണാകുളം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ എന്‍ സുര്‍ജിത്, എറണാകുളം റോഡ് മെയ്ന്റനന്‍സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി കെ ദീപ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.