പ്രഖ്യാപിച്ച സമയം കഴിഞ്ഞിട്ടും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ആപ്പ് എത്തിയില്ല; ഒടിപി ലഭിക്കാതെ ഐഫോണ്‍ ഉടമകള്‍

പ്രഖ്യാപിച്ച സമയം പിന്നിട്ടിട്ടും ഗൂഗിള് പ്ലേസ്റ്റോറില് ബെവ്ക്യൂ ആപ്പ് എത്തിയില്ല.
 | 
പ്രഖ്യാപിച്ച സമയം കഴിഞ്ഞിട്ടും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ആപ്പ് എത്തിയില്ല; ഒടിപി ലഭിക്കാതെ ഐഫോണ്‍ ഉടമകള്‍

പ്രഖ്യാപിച്ച സമയം പിന്നിട്ടിട്ടും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ബെവ്ക്യൂ ആപ്പ് എത്തിയില്ല. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഒടിപി ലഭിക്കുന്നില്ലെന്നും പരാതി. നേരത്തേ നല്‍കിയിരുന്ന മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് വീണ്ടും ശ്രമിച്ചിട്ടും ഒടിപി ലഭിക്കുന്നില്ലെന്നാണ് ഐഫോണ്‍ ഉടമകള്‍ പറയുന്നത്. ബിവറേജസ് കോര്‍പറേഷന്‍ പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കി ആപ്പ് റിലീസ് ചെയ്യുന്നതിനായി കൗണ്ട് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പേജില്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ പ്ലേസ്റ്റോര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് ഒരു മണിക്കൂറിനുള്ളില്‍ കിട്ടുമെന്ന അറിയിപ്പ് മാത്രമാണ് ലഭിക്കുന്നത്.

വൈകുന്നേരം ആപ്പ് എത്തുമെന്ന് നിര്‍മാണ കമ്പനിയായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മദ്യവിതരണം ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ രാത്രി 10 മണി വരെ ആപ്പില്‍ ബുക്കിംഗ് നടക്കും. ടോക്കണ്‍ ലഭിക്കുന്നവര്‍ അതില്‍ നിര്‍ദേശിക്കുന്ന സമയം അനുസരിച്ച് വില്‍പന കേന്ദ്രങ്ങളില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം. ആപ്പ് റിലീസിംഗ് പരാജയപ്പെട്ട സ്ഥിതിക്ക് നാളെ മദ്യവില്‍പന ആരംഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.