മാണിക്കെതിരെ പ്രവർത്തിക്കാൻ പി.സി ജോർജ്ജ് നിർദ്ദേശിച്ചെന്ന് ബിജു രമേശ്

മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാർ കോഴ ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്ന് ചീഫ് വിപ്പ് പി.സി. ജോർജ്ജ് തന്നോട് നിർദ്ദേശിച്ചിരുന്നുവെന്ന് ബിജു രമേശ്. കോഴ വാങ്ങിയ കാര്യം താൻ പുറത്ത് വിട്ടപ്പോൾ കടുത്ത നിലപാടിൽ നിന്നും പിൻമാറണം എന്ന് ആവശ്യപ്പെട്ട് പലരും വിളിച്ചിരുന്നു.
 | 

മാണിക്കെതിരെ പ്രവർത്തിക്കാൻ പി.സി ജോർജ്ജ് നിർദ്ദേശിച്ചെന്ന് ബിജു രമേശ്
കൊച്ചി:
മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാർ കോഴ ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്ന് ചീഫ് വിപ്പ് പി.സി. ജോർജ്ജ് തന്നോട് നിർദ്ദേശിച്ചിരുന്നുവെന്ന് ബിജു രമേശ്. മാണി കോഴ വാങ്ങിയ കാര്യം താൻ പുറത്ത് വിട്ടപ്പോൾ, കടുത്ത നിലപാടിൽ നിന്നും പിൻമാറണം എന്ന് ആവശ്യപ്പെട്ട് പലരും വിളിച്ചിരുന്നു. പി.സി ജോർജ്ജും തന്നെ വിളിച്ചിരുന്നു. അദ്ദേഹം ചാനൽ ചർച്ചകളിലെടുത്ത നിലപാടും തന്നോട് ഫോണിൽ സംസാരിച്ചതും തന്നെ ഞെട്ടിച്ചെന്ന് ബിജു രമേശ് മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

” ചാനൽ ചർച്ചകളിൽ ബാർ കോഴയിൽ എനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. ആരോപണത്തിൽ നിന്നും അൽപ്പംപോലും പിന്നോട്ടു പോകരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചാനൽ ചർച്ചയിൽ മാണിസാറിന്റെ കൂടെ നിന്നിട്ട് എന്തിനാ ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അതൊക്കെ നേരിട്ടു പറയാം. ഇപ്പോൾ വിഷയം എത്രയും ചൂടുപിടിപ്പിക്കണം എന്നാണ് ” അഭിമുഖത്തിൽ ബിജു രമേശ് പറയുന്നു.

താൻ ആരോപണം ഉന്നയിച്ചപ്പോൾ മന്ത്രിസഭ ഒറ്റക്കെട്ടായി മാണിയുടെ കൂടെയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ മുഖ്യമന്ത്രിയും രമേശ്‌ചെന്നിത്തലയുമാണ് വിജിലൻസ് കൈകാര്യം ചെയ്യുന്നത്. അപ്പോൾ പിന്നെ കേസിന്റെ അവസ്ഥ എന്താകുമെന്ന് അറിയാമല്ലോയെന്നും ബിജു രമേശ് ചോദിക്കുന്നു.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ നിയമസഭയിൽ ഉയർത്തിക്കാട്ടിയ സി.ഡി പുറത്തുവിട്ടാൽ മാണിക്ക് ജയിലിൽ പോകാൻ വേറൊരു തെളിവും വേണ്ടിവരില്ലെന്നും ബിജു രമേശ് പറഞ്ഞു. മാണിയെ വിളിക്കുമ്പോൾ ആരോ രസത്തിനുവേണ്ടിയാണ് ആ സംഭാഷണവും വീട്ടിലെ രംഗങ്ങളും റൊക്കോഡ് ചെയ്തത്. വിഷയം ചർച്ചയായപ്പോൾ അത് ആരോ സി.ഡിയിലാക്കി കോടിയേരിക്ക് കൈമാറുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യനാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. ഇമേജിനുവേണ്ടി ഏത് അവാർഡും ചോദിച്ചു വാങ്ങുന്ന വ്യക്തി. അവാർഡ് ചോദിച്ചുവാങ്ങി നാട്ടുകാരുടെ മുൻപിൽ മാന്യൻ കളിക്കാനല്ലാതെ യാതൊരുവിധ നിലപാടും ഇല്ലാത്ത മനുഷ്യനാണ് സുധീരനെന്നും ബിജു രമേശ് അഭിമുഖത്തിൽ പറയുന്നു. അവാർഡ് ഒരിക്കലും കിട്ടില്ല എന്നറിയുമ്പോഴാണ് സുധീരനെപ്പോയെുള്ളവർ ഇത്തരം തറപ്പണി കാണിക്കുന്നത്.

താനും മന്ത്രി അടൂർപ്രകാശും മുപ്പതുവർഷത്തിന് മുകളിലുള്ള പരിചയമാണെന്നും തന്റെ മൂത്ത മകളെ അടൂർപ്രകാശിന്റെ രണ്ടാമത്തെ മകനുമായി വിവാഹം ആലോചിച്ചിരിക്കുകയാണെന്നും ബിജു രമേശ് പറയുന്നു.