അബ്ദുള്ളക്കുട്ടിയും ടോം വടക്കനും ബിജെപി ദേശീയ നേതൃത്വത്തിലേക്ക്; സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെ തഴഞ്ഞു

കേരളത്തില് നിന്ന് എ.പി അബ്ദുള്ളക്കുട്ടി പാര്ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 | 
അബ്ദുള്ളക്കുട്ടിയും ടോം വടക്കനും ബിജെപി ദേശീയ നേതൃത്വത്തിലേക്ക്; സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെ തഴഞ്ഞു

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ടോം വടക്കനെ ബിജെപി ദേശീയ വക്താവായി തെരഞ്ഞെടുത്തിട്ടുണ്ട്. കോണ്‍ഗ്രസിലും ദേശീയ വക്താവ് സ്ഥാനമായിരുന്നു വടക്കന്‍ കൈകാര്യം ചെയ്തിരുന്നത്. അതേസമയം കേരള നേതൃത്വത്തിലെ പ്രമുഖ നേതാക്കളെ ആരെയും ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്പ്പിച്ച് കേരളത്തില്‍ എത്തിച്ച കുമ്മനം രാജശേഖരന്‍ കേന്ദ്ര നേതൃത്വത്തില്‍ എത്തിയേക്കുമെന്നായിരുന്നു കരുതിയിരുന്നത്. ശോഭ സുരേന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. അതിന് പകരം അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ചേക്കേറിയ നേതാക്കളെ ദേശീയ നേതൃത്വത്തില്‍ എത്തിച്ചിരിക്കുകയാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ നാവായിരുന്ന ടോം വടക്കന്‍ ഇനി കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ ശബ്ദമാവുകയും ചെയ്യും.

രാജീവ് ചന്ദ്രശേഖറിനെയും ദേശീയ വക്താവ് സ്ഥാനത്തേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മേനോനാണ് ഭാരവാഹി പട്ടികയിലെ മറ്റൊരു മലയാളി. പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനത്തേക്കാണ് അരവിന്ദ് മേനോനെ തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തേ മധ്യപ്രദേശിന്റെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ബിജെപി ഘടകത്തില്‍ ശക്തമായ വിഭാഗീയതയാണ് ദേശീയ നേതൃത്വത്തിന്റെ അവഗണനയ്ക്ക് കാരണമെന്നാണ് കരുതുന്നത്.