മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക തട്ടിയെടുത്തു; കണ്ണൂരില്‍ സിപിഎം വനിതാ നേതാവിനെതിരെ കേസ്

മരിച്ചയാളുടെ പേരിലുള്ള പെന്ഷന് തുക തട്ടിയെടുത്തതിന് സിപിഎം വനിതാ നേതാവിനെതിരെ കേസെടുത്തു.
 | 
മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക തട്ടിയെടുത്തു; കണ്ണൂരില്‍ സിപിഎം വനിതാ നേതാവിനെതിരെ കേസ്

കണ്ണൂര്‍: മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക തട്ടിയെടുത്തതിന് സിപിഎം വനിതാ നേതാവിനെതിരെ കേസെടുത്തു. കണ്ണൂരിലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുമായ കെ.പി സ്വപ്നയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. മാര്‍ച്ചില്‍ മരിച്ച സ്ത്രീയുടെ പെന്‍ഷന്‍ തുക ഇവര്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തുവെന്നാണ് കേസ്.

തോട്ടത്താന്‍ കൗസു നാരായണന്‍ എന്ന സ്ത്രീയുടെ പേരിലുള്ള പെന്‍ഷന്‍ ഇവര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം. കൗസുവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് ബാങ്ക് കളക്ഷന്‍ ഏജന്റ് കൂടിയായ സ്വപ്‌നക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരിട്ടി റൂറല്‍ സഹകരണ ബാങ്ക് വഴിയായിരുന്നു കൗസുവിന് പെന്‍ഷന്‍ നല്‍കിയിരുന്നത്. കിടപ്പു രോഗിയായിരുന്ന ഇവര്‍ക്ക് പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്.

5 മാസത്തെ പെന്‍ഷന്‍ തുകയായ 6100 രൂപ കഴിഞ്ഞ ഏപ്രിലില്‍ സ്വപ്‌ന ഒപ്പിട്ടു വാങ്ങിയെന്നാണ് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് നടത്തിയ അന്വേഷണത്തിലും പെന്‍ഷന്‍ തുക വിതരണം ചെയ്തതായി കണ്ടെത്തി. കുടുംബാംഗം ഒപ്പിട്ടു വാങ്ങിയെന്നായിരുന്നു സ്വപ്‌നയുടെ വിശദീകരണം. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വ്യക്തമായതോടെ ബാങ്ക് സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ സിപിഎമ്മും അന്വേഷണം ആരംഭിച്ചു.