പി. സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കി

കേരള കോണ്ഗ്രസ് വൈസ് ചെയര്മാനും പൂഞ്ഞാര് എംഎല്എയുമായ പി. സി. ജോര്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്ക്കൊപ്പം പി.സി ജോര്ജുമായി നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്ജിനെ മാറ്റണമെന്ന കേരള കോണ്ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പറഞ്ഞു.
 | 

പി. സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും പൂഞ്ഞാര്‍ എംഎല്‍എയുമായ പി. സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കൊപ്പം പി.സി ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ മാറ്റണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച പ്രതിനിധിയാണ് പി.സി ജോര്‍ജ്. പ്രതിനിധിയെ പിന്‍വലിക്കാനുള്ള അവകാശം ആ പാര്‍ട്ടിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നണിയിലെ പൊതുതത്വം പാലിച്ചാണ് തീരുമാനം. ബാക്കി കാര്യങ്ങള്‍ പിസി ജോര്‍ജിന് തീരുമാനിക്കാം. സ്ഥാനത്തു നിന്ന് നീക്കിയതോടെ യുഡിഎഫ് യോഗങ്ങളില്‍ കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പി. സി. ജോര്‍ജിന് ഇനി പങ്കെടുക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുമായി ഏറെ നേരം ചര്‍ച്ചചെയ്‌തെങ്കിലും സമന്വയത്തില്‍ എത്താന്‍ കഴിയാത്തതിനേത്തുടര്‍ന്ന് കേരളള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആവശ്യം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിസി ജോര്‍ജാണ് ആദ്യം പുറത്തുവന്നത്. ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് ജോര്‍ജ് പറഞ്ഞു. തന്നെ കൊല്ലണമെന്നാണ് കെഎം മാണിയുടെ ആഗ്രഹം. എന്നാല്‍ ചാകാന്‍ തനിക്ക് ആഗ്രമില്ല. യുഡിഎഫില്‍ തന്നെ തുടരാനാണ് തനിക്ക് ആഗ്രഹമെന്നും ജോര്‍ജ് പ്രതികരിച്ചു. തന്നെ പുറത്താക്കിയാല്‍ വ്യാഴാഴ്ച പലതും തുറന്നുപറയുമെന്നും ജോര്‍ജ് പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചത്.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തുനിന്നും മാറ്റണമെന്നായിരുന്നു കെ. എം. മാണിയുടെ ആവശ്യം. ഇവയോട് വിയോജിപ്പില്ലെങ്കിലും അദ്ദേഹത്തെ മുന്നണിയില്‍ നിലനിര്‍ത്തിക്കൊണ്ടു പോകണമെന്ന താല്‍പര്യമായിരുന്നു മുഖ്യമന്ത്രിയ്ക്ക്. എന്നാല്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റിയാലും തനിക്ക് യുഡിഎഫില്‍ തുടരണമെന്നും കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ ആവശ്യം.

ബാര്‍ കോഴ വിവാദത്തില്‍ മാണിക്കെതിരെ പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെയാണ് പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാനായ പി.സി. ജോര്‍ജ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കണ്ണിലെ കരടായത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് കെ.എം. മാണി മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഇതേ തുടര്‍ന്നാണ് സമവായ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.