ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎമ്മെന്ന് സി.ഒ.ടി നസീര്‍

പാര്ട്ടി അന്വേഷണം മാത്രം ചെയ്തിട്ട് കാര്യമില്ല. കുറ്റവാളികള് മുഴുവന് നിയമത്തിന് മുന്നിലെത്തണമെന്നും സി.ഒ.ടി നസീര് പ്രതികരിച്ചു.
 | 
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎമ്മെന്ന് സി.ഒ.ടി നസീര്‍

കോഴിക്കോട്: തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎം ഗൂഢാലോചന നടന്നതായി ആരോപിച്ച് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീര്‍ രംഗത്ത്. ആക്രമണത്തിന് മുന്‍പായി തലശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ട്. സംഭവത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ട്. അന്വേഷണം അക്രമികളിലേക്ക് മാത്രം ഒതുക്കാനാണ് ഇപ്പോള്‍ പോലീസ് ശ്രമിക്കുന്നത്. പാര്‍ട്ടി അന്വേഷണം മാത്രം ചെയ്തിട്ട് കാര്യമില്ല. കുറ്റവാളികള്‍ മുഴുവന്‍ നിയമത്തിന് മുന്നിലെത്തണമെന്നും സി.ഒ.ടി നസീര്‍ പ്രതികരിച്ചു.

മുന്‍ പരിചയമില്ലാത്ത മൂന്ന് പേരടങ്ങുന്ന സംഘമാണ് തന്നെ വെട്ടിയതെന്നും ഇവരെ വീണ്ടും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മുന്‍ സിപിഎം നേതാവും കൂടിയായ സിഒടി നസീറിനെ അപകടപ്പെടുത്തിയത് എല്‍.ഡി.എഫ് നേതാവ് പി. ജയരാജന്റെ അറിവോടെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. നസീറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇയാള്‍ തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും പറയുന്നു. അതേസമയം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അക്രമപാതയില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നതാണ് പാര്‍ട്ടി നിലപാട്. സിപിഎം ശത്രുപക്ഷത്ത് നിര്‍ത്താന്‍ അയാള്‍ ആരാണെന്നും കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.