കളമശ്ശേരി ഏരിയ സെക്രട്ടറിയുടെ ഫോണ്‍ ഭീഷണി; ഇവിടെത്തന്നെ ഇരിക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ലെന്ന് എസ്‌ഐയുടെ മറുപടി, ഓഡിയോ

കൊച്ചിന് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ സംഘര്ഷത്തിനിടെ എസ്എഫ്ഐ നേതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് എസ്ഐക്ക് ഏരിയ സെക്രട്ടറിയുടെ ഭീഷണി കോള്.
 | 
കളമശ്ശേരി ഏരിയ സെക്രട്ടറിയുടെ ഫോണ്‍ ഭീഷണി; ഇവിടെത്തന്നെ ഇരിക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ലെന്ന് എസ്‌ഐയുടെ മറുപടി, ഓഡിയോ

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് എസ്‌ഐക്ക് ഏരിയ സെക്രട്ടറിയുടെ ഭീഷണി കോള്‍. എന്നാല്‍ ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും എസ്‌ഐ മറുപടി നല്‍കി. തിങ്കളാഴ്ച ക്യാമ്പസിനുള്ളില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവമുണ്ടായത്. ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും എസ്‌ഐ അമൃത രംഗനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായി.

എസ്എഫ്‌ഐ ജില്ലാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് സക്കീര്‍ ഹുസൈന്‍ എസ്‌ഐയെ വിളിച്ചത്. കുസാറ്റിലെ ഒരു വിഭാഗം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ തല പൊട്ടുകയും പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. ഹോസ്റ്റലിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എസ്എഫ്‌ഐ ജില്ലാ നേതാവ് അമലിനെയാണ് എസ്‌ഐ അമൃത രംഗന്‍ പിടിച്ച് വാഹനത്തില്‍ കയറ്റിയത്.

പിന്നീട് ഇയാളെ മറ്റൊരിടത്ത് ഇറക്കി വിടുകയും ചെയ്തു. സംഘര്‍ഷം ഒഴിവാക്കാനായിരുന്നു ശ്രമമെന്ന് എസ്‌ഐ വിശദീകരിക്കുന്നു. ഇതിനിടയിലാണ് സക്കീര്‍ ഹുസൈന്‍ വിളിക്കുന്നത്. വിദ്യാര്‍ത്ഥി നേതാവിനെ അമിനിറ്റി സെന്ററില്‍ ഇറക്കിവിട്ടുവെന്ന് എസ്‌ഐ വിശദീകരിച്ചെങ്കിലും എസ്‌ഐയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും മോശം അഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും കളമശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസിലാക്കി ഇടപെടുന്നത് നന്നാവും എന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

ഇതോടെ, എനിക്ക് അങ്ങനെ ഒരു നിലപാടില്ല. ഞാന്‍ നേരെ വാ നേരേ പോ എന്ന നിലയില്‍ ഇടപെടുന്ന ആളാണ്. ഒരു പാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. കളമശേരി ആരുടേതാണെങ്കിലും എനിക്കൊരു പ്രശ്‌നവുമില്ല. എനിക്ക് എല്ലാ വിദ്യാര്‍ഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാന്‍ എനിക്കാവില്ല. ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയില്‍ വന്നിരിക്കുന്നത്. ഇതില്‍ കൂടുതല്‍ മാന്യമായി എങ്ങനെയാണ് പെരുമാറേണ്ടത്. നിങ്ങളുടെ ചുമതലയുള്ള പയ്യനെ ഞാന്‍ അമിനിറ്റി സെന്ററില്‍ കൊണ്ടാക്കി എന്ന് എസ്‌ഐ മറുപടി നല്‍കി.

പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം. കളമശേരിയില്‍ നിങ്ങള്‍ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്‌ഐ ആയി വന്നിട്ടുണ്ട് എന്ന് സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചു.

വന്നിട്ടുണ്ട്. അതാണ് വ്യത്യാസം. ഇവിടെ ചത്തു കിടന്നാലും പിള്ളാരെ തല്ലാന്‍ സമ്മതിക്കില്ല. യൂണിഫോമിട്ടാല്‍ ചാകാനും തയ്യാറായാണ് വന്നിരിക്കുന്നത്. ഞാന്‍ ഏറ്റവും മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്. നിങ്ങള്‍ എന്താണെന്നു വച്ചാല്‍ ചെയ്‌തോളു. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും എസ്‌ഐ പറഞ്ഞു.

സംഘര്‍ഷത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കാര്യങ്ങള്‍ തിരക്കാന്‍ വിളിച്ച തന്നോട് എസ്‌ഐ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് സക്കീര്‍ ഹുസൈന്‍ പറയുന്നത്. നേരത്തേ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ആളാണ് സക്കീര്‍ ഹുസൈന്‍.

ഓഡിയോ കേള്‍ക്കാം

കളമശ്ശേരി സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഭീഷണി കോളിന് എസ്‌ഐ അമൃതരാജിന്റെ മറുപടി

ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല, അങ്ങനെ പേടിച്ച് ജീവിക്കാനില്ല… കളമശ്ശേരി സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഭീഷണി കോളിന് എസ്‌ഐ അമൃതരാജിന്റെ മറുപടി. ഓഡിയോ

Posted by News moments on Wednesday, September 4, 2019