മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ജില്ലാ സെഷന്സ് കോടതിയിലാണ് മുന്കൂര് ജാമ്യപേക്ഷ നല്കിയിരിക്കുന്നത്.
 | 
മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഹോളി ഫെയ്ത്, ജെയിന്‍ കോറല്‍ കേവ്, എന്നീ കെട്ടിടങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കും ആല്‍ഫാ വെഞ്ച്വേഴ്‌സിനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. അറസ്റ്റുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ആല്‍ഫാ വെഞ്ചേഴ്സ് ഉടമ പോള്‍ രാജ് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരിക്കുന്നത്.

നേരത്തെ മരടിലെ ഫ്‌ളാറ്റുകള്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിക്കപ്പെട്ടവയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കായലിന്റെ ചില ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഫ്ളാറ്റുകള്‍ നിയമാനുസൃതമല്ല നിര്‍മ്മിക്കപ്പെട്ടതെന്ന് വ്യക്തമായോതോടെ മരട് മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായിട്ടുണ്ട്.

മുന്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തേക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. ചട്ടം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. പുതിയ സാഹചര്യത്തില്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കളെയും ചോദ്യം ചെയ്തതിന് ശേഷമാവും ഉദ്യോഗസ്ഥരെ വിളിപ്പിക്കുക. ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനധികൃത രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.