പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

പാനൂരില് മുസ്ലീം ലീഗ് പ്രവര്ത്തകനായ മന്സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് അന്വേഷണം ക്രൈം ബ്രാഞ്ചിന്.
 | 
പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. പതിനഞ്ചംഗ അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചു. കണ്ണൂര്‍ ജില്ലാ ക്രെംബ്രാഞ്ച് ഡിവൈ.എസ്.പി. ഇസ്മയിലിനാണ് അന്വേഷണച്ചുമതല. കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.

ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കുമെന്നും എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പോലീസിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മന്‍സൂര്‍ വധത്തില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ആരോപണം. കൊല നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു.

അതേസമയം കേസില്‍ 11 പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. കേസില്‍ നിലവില്‍ ആരും കസ്റ്റഡിയില്‍ ഇല്ല. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ എത്രയുംവേഗം പിടികൂടാനാണ് ശ്രമം. തിരിച്ചറിഞ്ഞ പ്രതികളെ ഉടന്‍ പിടികൂടുമെന്നും കമ്മീഷണര്‍ പറഞ്ഞു.