സാം ഏബ്രഹാം കൊലക്കേസ്; ആത്മഹത്യയെന്ന് പ്രതി അരുണ്‍ കമലാസനന്‍

ഓസ്ട്രേലിയയില് മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും ചേര്ന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ അപ്പീലുകള് വിധി പറയാന് മാറ്റി.
 | 
സാം ഏബ്രഹാം കൊലക്കേസ്; ആത്മഹത്യയെന്ന് പ്രതി അരുണ്‍ കമലാസനന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ അപ്പീലുകള്‍ വിധി പറയാന്‍ മാറ്റി. സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വര്‍ഷവും അരുണ്‍ കമലാസനനെ 27 വര്‍ഷവും തടവിനാണ് കോടതി ശിക്ഷിച്ചത്. ഇതിനെതിരെ ഇരുവരും അപ്പീല്‍ നല്‍കിയിരുന്നു. സാം ഏബ്രഹാം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രതി അരുണ്‍ കമലാസനന്‍ അപ്പീലില്‍ വാദിച്ചു.

സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് മുന്നില്‍ നേരിട്ട് ഹാജരായാണ് ഇയാള്‍ ഈ വാദം ഉന്നയിച്ചത്. കേസിന്റെ വിചാരണഘട്ടത്തിലെ വാദത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ വാദം. താന്‍ കൊല നടത്തിയിട്ടില്ലെന്ന് അരുണ്‍ വാദിച്ചു. എന്നാല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കമലാസനന്‍ കുറ്റസമ്മതം നടത്തിയിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന അരുണിന്റെ മൊഴിയടങ്ങിയ ഈ ദൃശ്യങ്ങളായിരുന്നു കേസിലെ പ്രധാന തെളിവ്. ഇത് ജൂറി വിചാരണാ സമയത്ത് പരിശോധിച്ചിരുന്നു.

ഇക്കാര്യം അപ്പീല്‍ പരിഗണിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ സാമ്പത്തികലാഭത്തിനായി നടത്തിയ വ്യാജ കുറ്റസമ്മതമായിരുന്നു അതെന്നാണ് അരുണ്‍ മറുപടി നല്‍കിയത്. ഇന്ത്യയില്‍ നിന്ന് സയനൈഡ് കൊണ്ടുവന്നത് സാം തന്നെയാണെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കാര്യം സാം തന്നോട് പറഞ്ഞിരുന്നുവെന്നും അരുണ്‍ കമലാസനന്‍ വാദിച്ചു. താനാണ് കൊല നടത്തിയതെന്ന് തെളിയിക്കുന്ന തെളിവുകളോ വിരലടയാളമോ ഇല്ലെന്നും കേസിലെ പ്രധാന സാക്ഷികളിലൊരാളായ ടോക്‌സിക്കോളജി വിദഗ്ദ്ധന്‍ പ്രൊഫ.ഗുഞ്ചയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അരുണ്‍ പറഞ്ഞു.

എന്നാല്‍ ഇതെല്ലാം വിചാരണ സമയത്ത് പരിഗണിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അരുണിനെ ആശ്രയിച്ചുകഴിയുന്ന അച്ഛനമ്മമാരും ഭാര്യയും കുട്ടിയും ഇന്ത്യയിലുണ്ടെന്നും അരുണ്‍ ജയിലിലും ഒറ്റപ്പെടല്‍ അനുഭവിക്കുകയാണെന്നും അഭിഭാഷക വാദിച്ചു. കൂട്ടുപ്രതിയായ സോഫിയക്ക് ലഭിച്ചത് അഞ്ച് വര്‍ഷം കുറവ് ശിക്ഷയാണെന്നും അവര്‍ പറഞ്ഞു.