മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേജില്‍ പൊങ്കാലയ്ക്ക് ആഹ്വാനവുമായി സൈബര്‍ സഖാക്കള്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില് തടഞ്ഞ സംഭവത്തില് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില് പൊങ്കാലയ്ക്ക് സൈബര് സഖാക്കളുടെ ആഹ്വാനം. കേരളത്തിന്റെ പ്രതിഷേധം ”മാന്യമായി” പ്രകടിപ്പിക്കാന് മധ്യപ്രദേശ് മുഖ്യന്റെ പേജിലേക്ക് സ്വാഗതം ചെയ്യുന്നതായി സോഷ്യല് മീഡിയയില് സിപിഐഎം നിലപാടുകളുമായി സജീവമായ അജിത്ത് മേടേച്ചിറയിലാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ശിവരാജ്സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജിന്റെ ലിങ്ക് കമന്റ് ബോക്സില് നല്കിക്കൊണ്ടാണ് ആഹ്വാനം. ഇതിനകം തന്നെ സഖാക്കള് ചൗഹാന്റെ പേജില് പൊങ്കാല ആരംഭിച്ചിരുന്നു. ‘നീയൊക്കെയിനി കേരളത്തിലേക്ക് വാടാ, കാണിച്ചുതരാമെടാ’ എന്നിങ്ങനെയുള്ള ഭീഷണികളും ചിലര് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൈബര്‍ സഖാക്കളുടെ പെരുമാറ്റത്തേക്കുറിച്ച് സ്വയം വിമര്‍ശനം നടത്തുന്നതായി എം.ബി രാജേഷ് എംപിയും സഖാക്കളുടെ പ്രതികരണങ്ങള്‍ നില വിട്ടു പോകുന്നതിനെതിരേ എം. സ്വരാജും ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ രംഗത്തെത്തിയിരുന്നു. വി.ടി. ബല്‍റാമിന്റെയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റായ ശീതള്‍ ശ്യാമിന്റെയും ചിത്രങ്ങള്‍ വെച്ച് സൈബര്‍ സഖാക്കള്‍ നടത്തിയ പ്രചരണത്തെക്കുറിച്ചായിരുന്നു രണ്ടു പേരും പ്രതികരിച്ചത്. സമചിത്തതയോടെ വേണം പ്രതികരണങ്ങള്‍ എന്ന നിര്‍ദേശം നേതാക്കള്‍ നല്‍കിയാലും അത് സ്വീകരിക്കാന്‍ സൈബര്‍ സഖാക്കള്‍ മടിക്കുന്നു എന്നതാണ് ഇത്തരം ആഹ്വാനങ്ങളിലൂടെ വെളിവാകുന്നത്.
ഫേസ്ബുക്കിലെ സ്വയം പ്രഖ്യാപിത സഖാക്കളുടെ അസ്വീകാര്യമായ രീതിയെയും ശൈലിയെയും കുറിച്ചാണ് സ്വയം വിമര്‍ശനമെന്നും ഇടതുപക്ഷ മേല്‍വിലാസമണിഞ്ഞു കൊണ്ട് എഫ്.ബി.യില്‍ ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങളും ഇടപെടലുകളും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനവികതയും നീതിബോധവും ഉള്‍ക്കൊള്ളാത്തവയാണെന്നും എം.ബി.രാജേഷ് തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു.
തെറിവിളികള്‍ക്കു പിന്നിലുള്ളത് ജനാധിപത്യവിരുദ്ധതയും മനോവൈകൃതവും അധമസംസ്‌ക്കാരവും മാത്രമല്ല അറിവില്ലായ്മ കൂടിയാണ്. എതിര്‍ നിലപാട് തുറന്നു കാണിക്കാനും സ്വന്തം നിലപാട് യുക്തിസഹമായി സ്ഥാപിക്കാനും കഴിയാത്ത നിരാശയും നിസ്സഹായതയും തെറിവിളി കൊണ്ട് ശമിപ്പിക്കുകയാണ്. തെറിവിളി വിവരദോഷിയുടെ ആയുധമാണെന്ന് അര്‍ത്ഥം. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമല്ല, ഏത് വിഡ്ഢിക്കും ചെയ്യാവുന്ന അരാഷ്ട്രീയ കര്‍മ്മമാണ്. ഒരു രാഷ്ട്രീയവും അങ്ങനെ പ്രതിരോധിക്കാനുമാവില്ല. പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവരെങ്കിലും ഇത് തിരിച്ചറിഞ്ഞു പെരുമാറണമെന്നും രാജേഷ് പറഞ്ഞിരുന്നു.
തര്‍ക്കങ്ങളും സംവാദങ്ങളും ഇങ്ങനെ ദുര്‍ഗന്ധപൂരിതമാക്കരുതെന്നും പറയാനുള്ള കാര്യങ്ങള്‍ ഒട്ടുംമൂര്‍ച്ച കുറയ്ക്കാതെ പറയുകയും തര്‍ക്കിക്കുകയും ചെയ്യുന്നത് നിലപാടുകള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കുമെന്നുമായിരുന്നു സ്വരാജ് പറഞ്ഞത്. പിശകുകള്‍ തിരുത്താന്‍ എല്ലാവര്‍ക്കും അവസരം കിട്ടുകയും ചെയ്യും. എന്നാല്‍ ‘ചിത്രവധങ്ങള്‍’ ഇടുങ്ങിയ മനസിന്റെ ദുഷ്ടലാക്കാണ് വെളിപ്പെടുത്തുന്നതെന്നും സ്വരാജ് പറഞ്ഞിരുന്നു.
പക്ഷേ, സൈബറിടത്തിലെ സഖാക്കള്‍ ഇതൊന്നും കേട്ടമട്ടില്ല.

