അധ്യാപകര്‍ക്കെതിരായ സോഷ്യല്‍ മീഡിയ അവഹേളനം; സൈബര്‍ ക്രൈം പോലീസ് കേസെടുത്തു

ഓണ്ലൈന് ക്ലാസെടുത്ത അധ്യാപകരെ സോഷ്യല് മീഡിയയില് അപമാനിച്ചവര്ക്കെതിരെ സൈബര് ക്രൈം പോലീസ് കേസെടുത്തു.
 | 
അധ്യാപകര്‍ക്കെതിരായ സോഷ്യല്‍ മീഡിയ അവഹേളനം; സൈബര്‍ ക്രൈം പോലീസ് കേസെടുത്തു

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചവര്‍ക്കെതിരെ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. അധ്യാപികമാര്‍ക്കെതിരെ ലൈംഗികച്ചുവയുള്ള കമന്റുകളും അധിക്ഷേപ കമന്റുകളും ട്രോളുകളും പോസ്റ്റ് ചെയ്തവര്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കൈറ്റ് സിഇഒ എ.അന്‍വര്‍ സാദത്ത് എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് പരാതി നല്‍കിയത്.

ഫെയിസ്ബുക്ക്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അന്‍വര്‍ സാദത്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. അധ്യാപകരെ അപമാനിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസും ഫെയിസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

സോഷ്യല്‍ മീഡിയ അധിക്ഷേപത്തിനെതിരെ സംസ്ഥാന യുവജന കമ്മീഷനും കേസെടുത്തിരുന്നു. ട്രോളുകളും കമന്റുകളും ലൈംഗികച്ചുവയുള്ള പോസ്റ്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.