മണ്ണ് മാറ്റിയപ്പോള്‍ ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം; കവളപ്പാറയില്‍ നിന്ന് ഞെട്ടിക്കുന്ന കാഴ്ചകള്‍

കവളപ്പാറയില് ഉരുള്പൊട്ടലുണ്ടായ പ്രദേശത്ത് കൂടുതല് മൃതദേഹങ്ങള് കണ്ടെത്തുമ്പോള് രക്ഷാപ്രവര്ത്തകര് അഭിമുഖീകരിക്കുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്.
 | 
മണ്ണ് മാറ്റിയപ്പോള്‍ ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം; കവളപ്പാറയില്‍ നിന്ന് ഞെട്ടിക്കുന്ന കാഴ്ചകള്‍

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മണ്ണ് മാറ്റിയപ്പോള്‍ ബൈക്കില്‍ മഴക്കോട്ട് ധരിച്ച് ഇരിക്കുന്ന നിലയിലാണ് ഒരു മൃതദേഹം കണ്ടെടുത്തത്. താന്നിക്കല്‍ പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹമാണ് സ്വന്തം വീട്ടുമുറ്റത്ത് ഈ വിധത്തില്‍ കണ്ടെത്തിയത്.

ശരീരത്തേക്ക് പതിച്ച മണ്ണില്‍ ബൈക്കില്‍ നിന്ന് മറിഞ്ഞു വീഴുകപോലും ചെയ്യതെ പ്രിയദര്‍ശന്‍ പുതഞ്ഞു പോകുകയായിരുന്നു. ദുരന്തമുണ്ടായ ദിവസം വൈകിട്ട് 7.45 ഓടെ സ്വന്തം വീട്ടിലെത്തിയ പ്രിയദര്‍ശന്‍ ബൈക്ക് നിര്‍ത്തിയിടുന്ന സമയത്താണ് ഉരുള്‍പൊട്ടിയത്. ബൈക്കില്‍ നിന്ന് ഇറങ്ങാനുള്ള സാവകാശം പോലും പ്രിയദര്‍ശന് ലഭിച്ചില്ലെന്ന് വ്യക്തം.

തന്റെ വീട്ടില്‍ സംസാരിച്ചു കൊണ്ടിരുന്ന പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയതാണെന്ന് സുഹൃത്ത് പറഞ്ഞു. വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായി. പ്രിയദര്‍ശന്റെ അമ്മ രാഗിണിയും രാഗിണിയുടെ അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു.

കവളപ്പാറയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 20 മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങള്‍ കാണാന്‍ സാധ്യതയുള്ള മൂന്ന് പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും തിരച്ചില്‍ നടത്തുന്നത്.