പെട്ടിമുടിയില്‍ നൊമ്പരക്കാഴ്ചയായി കുവിയുടെ ദുഃഖം; 2 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളര്‍ത്തുനായ കുവി

മണ്ണിടിച്ചില് ദുരന്തമുണ്ടായ പെട്ടിമുടിയില് വെള്ളിയാഴ്ച ഒരു മൃതദേഹം മാത്രമാണ് കണ്ടെത്തിയത്.
 | 
പെട്ടിമുടിയില്‍ നൊമ്പരക്കാഴ്ചയായി കുവിയുടെ ദുഃഖം; 2 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളര്‍ത്തുനായ കുവി

മൂന്നാര്‍: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ വെള്ളിയാഴ്ച ഒരു മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. രണ്ട് വയസുകാരിയായ ധനു എന്ന ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് അവളുടെ വളര്‍ത്തുനായ കുവിയും. ദുരന്തത്തിന് ശേഷം ലയങ്ങളിലെ നായകള്‍ അവരുടെ യജമാനന്‍മാരെ കാത്തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. കുവിയും അവരില്‍ ഒരാളായിരുന്നു. ദുരന്തഭൂമിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ താഴെ പെട്ടിമുടിയാറില്‍ പാലത്തിന അടിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുവി ഈ സ്ഥലത്ത് മണംപിടിച്ച് നില്‍ക്കുന്നത് കണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.

വെള്ളത്തില്‍ ഒരു മരക്കമ്പില്‍ തടഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൂന്നാര്‍ അഡ്വഞ്ചര്‍ ക്ലബ്ബിലെ സെന്തിലും മോഹനും ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് കുവിയെ പിന്തുടര്‍ന്ന് ധനുവിനെ കണ്ടെത്തിയത്. പിന്നീട് കുട്ടിയെ കണ്ടെത്തിയ പ്രദേശത്ത് തന്നെ തളര്‍ന്ന് കിടന്ന കുവി രക്ഷാപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ കണ്ണ് നനയിച്ചു. ധനുവിന്റെ മുത്തശ്ശി കറുപ്പായി മാത്രമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. അമ്മ സ്തൂരി, സഹോദരി പ്രിയദര്‍ശിനി എന്നിവരെ ഇനിയും കണ്ടെത്തിയിട്ടില്ല.