മുൻ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക്; 147 കുടുംബങ്ങളും സിപിഐ എം അംഗത്വം വിട്ട് ബിജെപിയിൽ; അരുവിക്കരക്ക് പിന്നാലെ പാർട്ടിക്ക് അടുത്ത പ്രഹരം

പത്തനംതിട്ട മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും ദീർഘകാലം സിപിഐ എം അംഗവുമായിരുന്ന വി. ഹരികുമാർ ബിജെപിയിലേക്ക്. അടൂർ ഏരിയ കമ്മറ്റിക്ക് കീഴിൽ പാർട്ടി അംഗത്വമുണ്ടായിരുന്ന 147ഓളം കുടുംബങ്ങളും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതായാണ് വിവരം. വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടയാളാണ് ഹരികുമാർ. കടുത്ത വിഎസ് പക്ഷക്കാരനായിരുന്ന ഇദ്ദേഹം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവിന്റെ അനുയായി എന്നാണ് അറിയപ്പെട്ടിരുന്നത്.
 | 
മുൻ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക്; 147 കുടുംബങ്ങളും സിപിഐ എം അംഗത്വം വിട്ട് ബിജെപിയിൽ; അരുവിക്കരക്ക് പിന്നാലെ പാർട്ടിക്ക് അടുത്ത പ്രഹരം

പത്തനംതിട്ട: പത്തനംതിട്ട മുൻ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും ദീർഘകാലം സിപിഐ എം അംഗവുമായിരുന്ന വി. ഹരികുമാർ ബിജെപിയിലേക്ക്. അടൂർ ഏരിയ കമ്മറ്റിക്ക് കീഴിൽ പാർട്ടി അംഗത്വമുണ്ടായിരുന്ന 147ഓളം കുടുംബങ്ങളും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതായാണ് വിവരം. വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടയാളാണ് ഹരികുമാർ. കടുത്ത വിഎസ് പക്ഷക്കാരനായിരുന്ന ഇദ്ദേഹം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവിന്റെ അനുയായി എന്നാണ് അറിയപ്പെട്ടിരുന്നത്.

1995 മുതൽ 1999 വരെയുള്ള കാലയളവിൽ എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയായിരുന്ന ഹരികുമാർ സിപിഎം അടൂർ ഏരിയ കമ്മറ്റി അംഗം, സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ അംഗം, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2004ൽ അടൂർ ഏരിയ കമ്മറ്റി അംഗമായിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടർന്ന് പാർട്ടിയിൽ നിന്ന് അവധിയെടുത്ത് ഗൾഫിൽ ജോലിക്ക് പോയതിനുശേഷമാണ് ഹരികുമാറിനെ ജില്ലാ നേതൃത്വം തഴഞ്ഞു തുടങ്ങിയത്.

2008ൽ ദുബായിൽ വച്ചുണ്ടായ അപകടത്തേത്തുടർന്ന് ഹരികുമാർ നാട്ടിൽ തിരിച്ചെത്തി. അതിനു ശേഷം പാർട്ടി അംഗത്വം തിരികെ ലഭിക്കാൻ പല തവണ ശ്രമിച്ചെങ്കിലും ജില്ലാക്കമ്മറ്റി പരിഗണിച്ചില്ലെന്ന് ഹരികുമാർ പറയുന്നു. പാർട്ടി ഘടകത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതോടെയാണ് ഹരികുമാറിന് അംഗത്വം തിരികെ ലഭിക്കാതെ വന്നത്. തിരികെ വരുന്നത് ജില്ലാ സെക്രട്ടറിക്കു വരെ ഭീഷണിയാകുമെന്നതിനാലാണ് പാർട്ടി ഇത്തരമൊരു നടപടി എടുത്തതെന്നാണ് സൂചന.

എട്ടു വർഷത്തോളമായി പാർട്ടിയിൽത്തന്നെ നിൽക്കാൻ ശ്രമിച്ചിട്ടും നിരന്തരം പാർട്ടി അത് നിരസിച്ച സാഹചര്യത്തിലാണ് ഹരികുമാർ ബിജെപിയിലേക്ക് ചേക്കേറുന്നത്. ഹരികുമാറിനെ അനുകൂലിക്കുന്നവരാണ് ഇപ്പോൾ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നതെന്നും സൂചനയുണ്ട്.

ബിജെപി സംസ്ഥാന നേതൃത്വം ഹരികുമാറിന് ജില്ലാ തലത്തിൽ മികച്ച സ്ഥാനം നൽകാമെന്നേറ്റതായും വിവരമുണ്ട്. ഹരികുമാറിനൊപ്പം എസ്എഫ്‌ഐ ജില്ലാപ്രസിഡന്റായിരുന്ന പി. ജെ. ജോൺസൺ ഇപ്പോൾ ആർഎസ്പിയിലാണ്. ഇവർക്കു മുമ്പ് ജില്ലാ സെക്രട്ടറിയായിരുന്ന സലിം പി. ചാക്കോ ഇപ്പോൾ ആർഎസ്പി ദേശീയ സെക്രട്ടറിയാണ് . അക്കാലത്തെ യുവ നേതൃത്വത്തെ വെട്ടി നിരത്തിയതിന്റെ ദോഷഫലങ്ങളാണ് ഇപ്പോൾ സിപിഎമ്മിനെ പിന്തുടരുന്നത്.