ഫോറസ്റ്റ് വാച്ചര്‍മാര്‍ പ്രേതബാധയെന്ന് പറഞ്ഞ് ഒഴിവാക്കി, രാജമലയിലെ റോഡില്‍ വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോഡ്രൈവര്‍

പഴനിയില് നിന്നും അടിമാലി, കമ്പിളികണ്ടത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പിനുള്ളില് നിന്ന് രാജമല ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
 | 
ഫോറസ്റ്റ് വാച്ചര്‍മാര്‍ പ്രേതബാധയെന്ന് പറഞ്ഞ് ഒഴിവാക്കി, രാജമലയിലെ റോഡില്‍ വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോഡ്രൈവര്‍

ഇടുക്കി: ഇടുക്കി രാജമലയില്‍ ഓടികൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്നും റോഡില്‍ വീണ കുഞ്ഞിന് രക്ഷിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരല്ലെന്ന് വെളിപ്പെടുത്തല്‍. പ്രേതബാധയാണെന്ന് പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പേടിച്ച് മാറിനില്‍ക്കുകയായിരുന്നു. ഈ സമയത്ത് അതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവറായ കനകരാജാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മീഡിയാ വണ്‍ ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്.

പ്രേതബാധയുള്ള സ്ഥലമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മാറിനില്‍ക്കുകയായിരുന്നുവെന്നും പേടിയോടെയാണെങ്കിലും താന്‍ കുഞ്ഞിനെ എടുത്ത് ഓഫീസിലേക്ക് മാറ്റിയെന്നും പിന്നീട് കുഞ്ഞ് ആശുപത്രിയിലെത്തിയെന്നും കനകരാജ് പ്രതികരിച്ചു. പ്രേതഭയം മൂലമാണ് കുട്ടിയെ വനംവകുപ്പ് വാച്ചര്‍മാര്‍ രക്ഷിക്കാന്‍ മുതിരാഞ്ഞതെന്നും കനകരാജ് പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടക്കുന്നത്. പഴനിയില്‍ നിന്നും അടിമാലി, കമ്പിളികണ്ടത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പിനുള്ളില്‍ നിന്ന് രാജമല ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. കുഞ്ഞിനെ രക്ഷിച്ചത് ഫോറസ്റ്റ് വാച്ചര്‍മാരാണെന്ന് വ്യാപകമായി വാര്‍ത്ത പ്രചരിച്ചിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.