ഇടുക്കി ഡാമിലെ ജലനിരപ്പ് 2394.64 അടിയായി; ഷട്ടറുകള്‍ തുറന്നേക്കും; ജാഗ്രതാ മുന്നറിയിപ്പ്

ഇടുക്കി ഡാമം നിറയുന്നു. അവസാനം പുറത്തുവന്ന കണക്കുകള് പ്രകാരം ജലനിരപ്പ് 2394.64 അടിയാണ്. 2395 അടിയിലെത്തുമ്പോള് ഓറഞ്ച് അലര്ട്ട് നല്കും. തുടര്ന്ന് എപ്പോള് വേണമെങ്കിലും വെള്ളം തുറന്നുവിടാം. 24 മണിക്കൂറിനുള്ളില് തന്നെ ഡാം തുറന്നുവിടാനുള്ള സാധ്യതകളുണ്ടെന്നാണ് വൈദ്യുത വകുപ്പ് നല്കുന്ന സൂചന. ജനങ്ങള് അതീവ ജാഗ്രത പാലിക്കണമെന്ന് സര്ക്കാര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില് ദുരന്തനിവാരണ സേന സജ്ജീകരങ്ങള് ആരംഭിച്ചു കഴിഞ്ഞു.
 | 

ഇടുക്കി ഡാമിലെ ജലനിരപ്പ് 2394.64 അടിയായി; ഷട്ടറുകള്‍ തുറന്നേക്കും; ജാഗ്രതാ മുന്നറിയിപ്പ്

ചെറുതോണി: ഇടുക്കി ഡാമം നിറയുന്നു. അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം ജലനിരപ്പ് 2394.64 അടിയാണ്. 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. തുടര്‍ന്ന് എപ്പോള്‍ വേണമെങ്കിലും വെള്ളം തുറന്നുവിടാം. 24 മണിക്കൂറിനുള്ളില്‍ തന്നെ ഡാം തുറന്നുവിടാനുള്ള സാധ്യതകളുണ്ടെന്നാണ് വൈദ്യുത വകുപ്പ് നല്‍കുന്ന സൂചന. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേന സജ്ജീകരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് സംഭരണശേഷിയുടെ പരമാവധി എത്തുന്നതിന് മുന്‍പ് തന്നെ ഡാം തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ പരമാവധി 2397ലെത്തിയാല്‍ ഡാം തുറക്കും. നേരത്തെ രാത്രി സമയത്ത് ഡാം തുറക്കില്ലെന്ന് വൈദ്യുതി മന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഡാം രാത്രിയും ഡാം തുറക്കുമെന്നാണ് സൂചന. ആദ്യം ഒരു ഷട്ടര്‍ നാലുമുതല്‍ അഞ്ചു മണിക്കൂര്‍ വരെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഇതിനുശേഷം നീരൊഴുക്ക് വിലയിരുത്തിയാവും കൂടുതല്‍ വെള്ളം തുറന്നുവിടണോ എന്ന് തീരുമാനിക്കുക.

ഡാം തുറന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള 12 പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 12 സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. 2397 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശങ്ങള്‍

* അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

* 2013-ല്‍ ഇടമലയാര്‍ തുറന്നുവിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഇത്തവണയും വെള്ളമെത്താന്‍ സാധ്യതയുണ്ട്.

* ഷട്ടര്‍ തുറന്നശേഷം ആരും നദി മുറിച്ചുകടക്കാന്‍ പാടില്ല. പാലങ്ങളിലും നദിക്കരയിലും കൂട്ടംകൂടി നില്‍ക്കുകയോ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

* നദിയില്‍ ഒരാവശ്യത്തിനും ഇറങ്ങരുത്.

* പ്രധാനപ്പെട്ട രേഖകള്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവ വീട്ടിലെ എളുപ്പം എടുക്കാന്‍പറ്റുന്ന ഉയര്‍ന്നസ്ഥലത്ത് സൂക്ഷിക്കുക.

* ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ വീട്ടില്‍ എല്ലാവരോടും പറഞ്ഞിരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തുപോയവരെ കാത്തുനില്‍ക്കാതെ വീടുവിട്ടിറങ്ങണം.

* സുരക്ഷിതമെന്ന് നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് സ്വമേധയാ മാറാന്‍ തയ്യാറാകണം.

* വെള്ളം കെട്ടിടത്തില്‍ പ്രവേശിച്ചാല്‍ മെയിന്‍ സ്വിച്ച് ഓഫാക്കുക.

* വീട്ടില്‍ രോഗികളോ, അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കില്‍ അവരെ ആദ്യം മാറ്റണം. സഹായം ആവശ്യമുണ്ടെങ്കില്‍ നേരത്തേ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

* വാഹനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

* വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. അല്ലെങ്കില്‍ അഴിച്ചുവിടണം.

* രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ചവര്‍ മാത്രം ഇറങ്ങുക.

* പരിഭ്രാന്തരാവുകയോ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

എമര്‍ജന്‍സി കിറ്റ്

നദിക്കരയോടുചേര്‍ന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികള്‍ (എമര്‍ജന്‍സി കിറ്റ്) കരുതണം. മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്, അരലിറ്റര്‍ വെള്ളം, ഒരു പാക്കറ്റ് ഒ.ആര്‍.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ചെറിയ കത്തി, ക്ലോറിന്‍ ഗുളിക, ആന്റിസെപ്റ്റിക് ലോഷന്‍, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറുകള്‍

എറണാകുളം -04841077 (7902200300, 7902200400)

ഇടുക്കി -048621077 (9061566111, 9383463036)

തൃശ്ശൂര്‍ -04871077, 2363424 (9447074424).