പാചകത്തിനിടയില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; അപകടമൊഴിവായത് തലനാരിഴയ്ക്ക്

പാചകത്തിനിടയില് ഇന്ഡക്ഷന് കുക്കര് വന് ശബ്ദത്തില് പൊട്ടിത്തെറിച്ചു.
 | 
പാചകത്തിനിടയില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; അപകടമൊഴിവായത് തലനാരിഴയ്ക്ക്

കൊച്ചി: പാചകത്തിനിടയില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. നേര്യമംഗലം സ്വദേശിയും കെഎസ്ഇബിയില്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ അക്ബര്‍ ടി.ഇയുടെ വീട്ടിലാണ് സംഭവമുണ്ടായത്. അക്ബറിന്റെ മകള്‍ ഉച്ചയ്ക്ക് പ്രഷര്‍ കുക്കറില്‍ പാചകത്തിനായി അരിയിട്ടതിനു ശേഷം പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു സ്‌ഫോടനം. സമീപത്ത് ആരുമില്ലാതിരുന്നതിനാല്‍ അപായം ഒഴിവാകുകയായിരുന്നു. അടുക്കളയില്‍ നിന്ന് വന്‍ സ്‌ഫോടന ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ചതാണെന്ന് മനസിലായത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്ലഗ് സോക്കറ്റില്‍ നിന്ന് ഊരിത്തെറിക്കുകയും ചെയ്തു. പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വിനോ മറ്റു ഭാഗങ്ങള്‍ക്കോ തകരാറൊന്നും സംഭവിച്ചിട്ടില്ല. ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഗ്ലാസ് ടോപ്പ് തകര്‍ന്നു. ഏഴു മാസം മുമ്പാണ് ഈ ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിയത്. ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രഷര്‍ കുക്കറാണ് ഉപയോഗിച്ചതും.

കടുത്ത ചൂട് താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ള ഗ്ലാസ് ആണ് ഇത്തരം ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് പൊട്ടിത്തകരാനും വലിയ ശബ്ദത്തില്‍ സ്‌ഫോടനമുണ്ടാകാനുമുള്ള കാരണം വ്യക്തമല്ല. പ്രെസ്റ്റീജ് ബ്രാന്‍ഡിലുള്ള ഇന്‍ഡക്ഷന്‍ കുക്കറാണ് തകര്‍ന്നത്. കമ്പനിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അക്ബര്‍ പറഞ്ഞു.

പൊട്ടിത്തെറിച്ച ഇന്‍ഡക്ഷന്‍ കുക്കറിന്റെ ചിത്രം അക്ബര്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന സുരക്ഷാ പരിഗണനകള്‍ മുന്‍നിര്‍ത്തിയാണ് പോസ്‌റ്റെന്നും അക്ബര്‍ വ്യക്തമാക്കി.

Induction cooker glass top exploded today at my home while cooking. Fortunately none was standing close to it. I just want to highlight the safety hazard associated while using induction cooker.

Posted by Akbar Thadathil Ebrahim on Monday, June 24, 2019