ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ഗൂഢാലോചനയെന്ന ആരോപണം; അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയിയെ ലൈംഗികാരോപണത്തില് കുടുക്കാന് ശ്രമിച്ചുവെന്ന ആരോപണം അന്വേഷിക്കാന് സമിതിയെ നിയോഗിച്ചു.
 | 
ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ഗൂഢാലോചനയെന്ന ആരോപണം; അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജി എ.കെ.പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് കോടതി നിയോഗിച്ചിരിക്കുന്നത്. സിബിഐ ഡയറക്ടര്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ കോര്‍പറേറ്റ് ഗൂഢാലോചന നടന്നുവെന്ന അഡ്വ.ഉത്സവ് ബെയിന്‍സിന്റെ ആരോപണമായിരിക്കും അന്വേഷിക്കുക. ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ സ്ത്രീക്കു വേണ്ടി ഹാജരാകുന്നതിനും വാര്‍ത്താ സമ്മേളനം നടത്തുന്നതിനും തനിക്ക് 1.5 കോടി രൂപയായിരുന്നു വാഗ്ദാനമായി ലഭിച്ചതെന്ന് ബെയിന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്നാണ് ഗൂഢാലോചനാ ആരോപണം അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

അതിനിടെ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി.രമണ പിന്‍മാറി. രമണയുടെ നിയമനത്തെ പരാതിക്കാരി ചോദ്യം ചെയ്തിരുന്നു.