പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് അന്വേഷണസംഘം; കുറ്റപത്രം സമര്‍പ്പിച്ചു

യൂത്ത് കോണ്ഗ്രസിലെ സജീവ പ്രവര്ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും ഫെബ്രുവരി 17-നാണ് പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്നത്.
 | 
പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് അന്വേഷണസംഘം; കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പെരിയ സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരന് ഇരുവരോടും വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇയാള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസില്‍ സിപിഎം പ്രദേശിക നേതൃത്വത്തിലിരിക്കുന്നവര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

സി.പി.എം. ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ ആകെ 14 പ്രതികളാണുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ എല്ലാവരും പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അഞ്ചാം പ്രതി സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില്‍വച്ചാണ് ക്രൈംബ്രാഞ്ച് സംഘം രണ്ട് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും ഫെബ്രുവരി 17-നാണ് പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത്തിനെയും മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്ത് വെച്ചും ശരത്ത് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് കൊലപ്പെടുന്നത്. നേരത്തെ വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.