കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത് 50 ലേറെ പേരെയെന്ന റിപ്പോര്‍ട്ട്; 30 ഓളം വീടുകള്‍ മണ്ണിനടിയില്‍

ഉരുള്പൊട്ടി വലിയ തോതില് മണ്ണിടിഞ്ഞതിനാല് രക്ഷാപ്രവര്ത്തകര്ക്ക് പ്രദേശത്തേക്ക് എത്തിച്ചേരാന് സാധിക്കുന്നില്ല.
 | 
കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത് 50 ലേറെ പേരെയെന്ന റിപ്പോര്‍ട്ട്; 30 ഓളം വീടുകള്‍ മണ്ണിനടിയില്‍

മലപ്പുറം: മലപ്പുറത്തെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 50 ഓളം പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഒരു പ്രദേശമാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രദേശത്ത് ഏതാണ്ട് എഴുപതോളം വീടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 30 ഓളം വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. കാണാതായവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും ഇവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്.

ഉരുള്‍പൊട്ടി വലിയ തോതില്‍ മണ്ണിടിഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇവിടെ ശക്തമായ മഴ തുടരുകയാണ്. ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കവളപ്പാറയിലേക്കുള്ള റോഡ് തകര്‍ന്നതിനാല്‍ ദുരന്ത നിവാരണ സേനയ്ക്ക് വാഹനങ്ങള്‍ സ്ഥലത്തേക്ക് എത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ഇറങ്ങിയിട്ടുണ്ട്. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുള്‍പൊട്ടല്‍ സാരമായി ബാധിച്ചു. ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ പതിനഞ്ചോളം പേരെ മാറ്റിക്കഴിഞ്ഞു. മഴയ്ക്ക് ശമനമണ്ടായാല്‍ മാത്രമെ ദുരന്ത മുഖത്തേക്ക് എത്തിപ്പെടാന്‍ കഴിയു. 30 ലധികം വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായെന്നാണ് അവസാനമായി ലഭിക്കുന്ന വിവരം.