കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 18 പേരെ

പുത്തുമലയില് കാണാതായവര് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തേക്ക് ഒലിച്ചു പോയതായിട്ടാണ് സൂചന.
 | 
കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 18 പേരെ

നിലമ്പൂര്‍: മഴക്കെടുതി ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തെരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍ നിന്ന് പതിമൂന്ന് പേരെയും പുത്തുമലയില്‍ നിന്നും 5 പേരെയും ഇനി കണ്ടെത്താനുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പുത്തുമലയില്‍ കാണാതായവര്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തേക്ക് ഒലിച്ചു പോയതായിട്ടാണ് സൂചന.

പുത്തുമലയില്‍ നിന്നും കാണാതായവര്‍ക്കായി സൂചിപ്പാറയുടെ ഭാഗങ്ങളിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. ഇന്നലെ പുത്തുമലയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ആറ് കിലോ മീറ്റര്‍ ദുരത്തുള്ള സൂചിപ്പാറയിലേക്ക് തെരച്ചില്‍ മാറ്റിയത്. മലവെള്ളപ്പാച്ചിലില്‍ ആളുകള്‍ ഒലിച്ചുപോവാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

കവളപ്പാറയില്‍ ഇന്നലെ 6 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം ഹൈദരാബാദില്‍ നിന്ന് എത്തിച്ച ജിപിആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഫലം കണ്ടില്ലെന്നാണ് വിവരം. മണ്ണിലെ വെള്ളതിന്റെ സാന്നിധ്യം മൂലം റഡാര്‍ തരംഗങ്ങള്‍ക്ക് മണ്ണിനടിയിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്ന് വിദഗ്ദ്ധ സംഘം അറിയിച്ചിട്ടുണ്ട്.