കായംകുളത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

കൈയ്യാങ്കളിയിലെത്തിയതോടെ മൂന്നംഗ സംഘത്തിലെ ഒരാള് ബിയര് കുപ്പികൊണ്ട് ഷമീറിന്റെ മുഖത്തടിച്ച് വീഴ്ത്തി.
 | 
കായംകുളത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

കൊച്ചി: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതികളിലൊരാളായ ഷിയാസാണ് പിടിയിലായത്. സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാര്‍ നേരത്തെ പോലീസ് കണ്ടെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മറ്റു രണ്ട് പ്രതികള്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്.

ഇന്നലെ രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 11 മണിക്ക് ശേഷം കായംകുളം ദേശീയപാതയോട് ചേര്‍ന്നുള്ള ബാറില്‍ കൊല്ലപ്പെട്ട ഷമീര്‍ ഖാനും സംഘവും മദ്യപിക്കാനായി എത്തിയിരുന്നു. എന്നാല്‍ ബാര്‍ പ്രവര്‍ത്തന സമയം കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് മദ്യം നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാരുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.

ഇത് കണ്ടുനിന്ന മൂന്നംഗ സംഘം വിഷയത്തില്‍ ഇടപെട്ട് ഷമീര്‍ ഖാനോട് പിന്തിരിയാന്‍ ആവശ്യപ്പെട്ടു.  കൈയ്യാങ്കളിയിലെത്തിയതോടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പികൊണ്ട് ഷമീറിന്റെ മുഖത്തടിച്ച് വീഴ്ത്തി. ഇതേസമയത്ത് മറ്റൊരാള്‍ വീണുകിടക്കുന്ന ഷമീറിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റുകയായിരുന്നു. ഷമീര്‍ ഖാന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു.