നേപ്പാൾ ദുരന്തം; പോസ്റ്റുമോർട്ടം പൂർത്തിയായി, എട്ട് മൃതദേഹങ്ങളും ഓരേ വിമാനത്തിൽ നാട്ടിലെത്തിക്കും

നേരത്തെ രണ്ട് വിമാനങ്ങളിലായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റം വരുത്തി.
 | 
നേപ്പാൾ ദുരന്തം; പോസ്റ്റുമോർട്ടം പൂർത്തിയായി, എട്ട് മൃതദേഹങ്ങളും ഓരേ വിമാനത്തിൽ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: നേപ്പാളില്‍ മരിച്ച എട്ട് മലയാളി സഞ്ചാരികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. നേപ്പാളിലെ ഔദ്യോ​ഗിക നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയിലാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തത്.

നേരത്തെ രണ്ട് വിമാന​ങ്ങളിലായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റം വരുത്തി. കഴിഞ്ഞ ദിവസമാണ് നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടുമലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.

തണുപ്പകറ്റാനായി മുറിയിൽ ഉപയോ​ഗിച്ചിരുന്ന ​ഗ്യാസ് ഹീറ്ററിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് എട്ട് പേരും മരണപ്പെട്ടത്. രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും മറ്റൊരു മകനായ ആറ് വയസുകാരൻ മാധവ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. മാധവ് ഇന്ന് നാട്ടിലെത്തിയിട്ടുണ്ട്. സംഭവത്തിൽ നേപ്പാൾ ടൂറിസം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.