ആദ്യം ഒഴിവ് വന്നത് മഞ്ചേശ്വരത്ത്; പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശ്യപരമെന്ന് കോടിയേരി

ആറ് നിയമസഭാ മണ്ഡലങ്ങള് ഒഴിഞ്ഞ് കിടക്കുമ്പോള് പാലായില് മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശ്യപരമെന്ന് കോടിയേരി ബാലകൃഷ്ണന്.
 | 
ആദ്യം ഒഴിവ് വന്നത് മഞ്ചേശ്വരത്ത്; പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശ്യപരമെന്ന് കോടിയേരി

തിരുവനന്തപുരം: ആറ് നിയമസഭാ മണ്ഡലങ്ങള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശ്യപരമെന്ന് കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേശ്വരത്തെ എംഎല്‍എയാണ് ആദ്യം മരിച്ചത്. എന്നിട്ടും മഞ്ചേശ്വരത്തും പാലായിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നു പോലുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തോന്നുംപടി പ്രവര്‍ത്തിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ശതമാനം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് ഇവിടെ പരാജയപ്പെട്ടത്. പാലായില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ 28-ാം തിയത ചേരുന്ന യോഗത്തില്‍ തീരുമാനം എടുക്കും. പാലായില്‍ ശുഭപ്രതീക്ഷയോടെ തന്നെ മത്സരിക്കുമെന്നും കോടിയേരി പറഞ്ഞു.

സെപ്റ്റംബര്‍ 23നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന മറ്റ് അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പിന്നീട് നടക്കുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലം ആറ് മാസത്തില്‍ കൂടുതലായി ഒഴിഞ്ഞു കിടക്കുകയാണ്.