യുഎന്‍എ സാമ്പത്തിക ക്രമക്കേട്; ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പ്രതികള് ഒളിവിലാണെന്ന കാര്യം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
 | 
യുഎന്‍എ സാമ്പത്തിക ക്രമക്കേട്; ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: യു.എന്‍.എ സാമ്പത്തിക ക്രമക്കേട് കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ക്രൈംബ്രാഞ്ചാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷായും മറ്റുള്ളവരോടും ഹാജരാവാന്‍ ക്രൈംബ്രാഞ്ച് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം വിസമ്മതിച്ചു. പ്രതികള്‍ ഒളിവിലാണെന്ന കാര്യം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.

സിബി മുകേഷ് എന്നയാളാണ് ജാസ്മിന്‍ ഷായ്ക്കും യു.എന്‍.എ നേതൃത്വത്തിനും എതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപിച്ച് രംഗത്ത് വന്നത്. കോടതിയില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്മിന്‍ ഷാ രംഗത്ത് വന്നിരുന്നു. കമ്മിറ്റിയെ ബോധിപ്പിച്ചു കൊണ്ടാണ് എല്ലാ ക്രയവിക്രയങ്ങളും നടത്തിയതെന്നായിരുന്നു ഇയാളുടെ വാദം. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ ഷായും സംഘവും കേസ് നടത്തുന്നതെന്നാണ് പരാതിക്കാരന്റെ വാദം. അസോസിയേഷന്റെ പണപ്പിരിവില്‍ കോടികളുടെ തിരിമറി നടന്നുവെന്നും സിബി പറയുന്നു. അഴിമതി നടന്നിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയതാണെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് പ്രതികളുടെ ആരോപണം.