സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി സമാഹരിച്ച പണം ഉടന്‍ കൈമാറുമെന്ന് എം.എം.മണി

സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരില് നിന്ന് സമാഹരിച്ച തുക ഉടന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.
 | 
സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി സമാഹരിച്ച പണം ഉടന്‍ കൈമാറുമെന്ന് എം.എം.മണി

തിരുവനന്തപുരം: സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പണം നല്‍കുമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നതെന്നും മണി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സാലറി ചാലഞ്ചിന്റെ ഭാഗമായി ബോര്‍ഡ് സമാഹരിച്ച 136 കോടി രൂപയില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ബാക്കി തുക സാമ്പത്തിക പ്രതിസന്ധി മൂലം വകമാറ്റിയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിച്ചതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം. 126 കോടി രൂപയോളമാണ് ബോര്‍ഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ളത്. ഓരോ മാസവും ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് രീതി.

എന്നാല്‍ കെഎസ്ഇബി അത് പാലിച്ചിരുന്നില്ല. സാലറി ചലഞ്ചിന് മുന്‍പായി ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളമുള്‍പ്പെടെ 50 കോടി രൂപ ബോര്‍ഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നു. വാട്ടര്‍ അതോറിറ്റി നല്‍കാനുള്ള കുടിശിക ലഭിക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നു.