കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍; കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കള്‍

കാണാതായ എന്ജിനീയറിംഗ് വിദ്യാര്ത്ഥിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.
 | 
കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍; കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കള്‍

തിരുവനന്തപുരം: കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സിഇടി എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് കാണാതായ നെയ്യാറ്റിന്‍കര ‘വിശാഖ’ത്തില്‍ രതീഷ് കുമാറി(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോളേജിന്റെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ രതീഷ് കോളേജില്‍ എത്തിയിരുന്നു. പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുമ്പ് രതീഷ് പുറത്തിറങ്ങിയെന്നാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്. ഇതിന് ശേഷമാണ് രതീഷിനെ കാണാതായത്. രതീഷിന്റെ അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച തന്നെ ശ്രീകാര്യം പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന ആരോപണവും ഉണ്ട്. കോളേജിലെ ശൗചാലയം ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

നെയ്യാറ്റിന്‍കരയില്‍ രതീഷിന്റെ വീടിന് മുന്നിലെ കടയില്‍ നിന്ന് എക്‌സൈസ് കഞ്ചാവ് പിടികൂടിയിരുന്നു. രതീഷാണ് എക്സൈസിനു വിവരം നല്‍കിയതെന്നാരോപിച്ച് കഞ്ചാവുവില്പനയ്ക്കു നേതൃത്വം നല്‍കുന്ന ചിലര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു. പിന്നീട് രതീഷിന്റെ വീടിനു മുന്നില്‍ കിടന്ന കാര്‍ അജ്ഞാതര്‍ കത്തിക്കുകയും ചെയ്തിരുന്നു.