നികുതി ഭാരം ജനങ്ങളുടെ തലയിൽ; എം.എൽ.എമാർ സുഖവാസ യാത്രയ്‌ക്കൊരുങ്ങുന്നു

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പ് മുട്ടുമ്പോൾ സർക്കാർ ചെലവിൽ എം.എൽ.എമാർ സുഖവാസത്തിന് പോകുന്നു. കുടുംബസമേതവും സ്ത്രീകളടങ്ങിയ സുഹൃത്തുക്കൾക്കൊപ്പവുമുള്ള എം.എൽഎമാരുടെ 16 ദിന യാത്രയുടെ ആദ്യഘട്ടം ഒക്ടോബറിൽ ആരംഭിക്കുമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ലോക്കൽ ഫണ്ട് അക്കൗണ്ട്സ്, യുവജനക്ഷേമം, പട്ടികജാതി/വർഗക്ഷേമം, ഹൗസ്, പബ്ലിക് അണ്ടർടേക്കിംഗ്, സബോഡിനേറ്റ് ലെജിസ്ലേറ്റീവ്, മത്സ്യത്തൊഴിലാളിക്ഷേമം തുടങ്ങിയ നിയമസഭാ സമിതികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് വിനോദ യാത്രയ്ക്കൊരുങ്ങുന്നത്.
 | 

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പ് മുട്ടുമ്പോൾ സർക്കാർ ചെലവിൽ എം.എൽ.എമാർ സുഖവാസത്തിന് പോകുന്നു. കുടുംബസമേതവും സ്ത്രീകളടങ്ങിയ സുഹൃത്തുക്കൾക്കൊപ്പവുമുള്ള എം.എൽഎമാരുടെ 16 ദിന യാത്രയുടെ ആദ്യഘട്ടം ഒക്‌ടോബറിൽ ആരംഭിക്കുമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ലോക്കൽ ഫണ്ട് അക്കൗണ്ട്‌സ്, യുവജനക്ഷേമം, പട്ടികജാതി/വർഗക്ഷേമം, ഹൗസ്, പബ്ലിക് അണ്ടർടേക്കിംഗ്, സബോഡിനേറ്റ് ലെജിസ്ലേറ്റീവ്, മത്സ്യത്തൊഴിലാളിക്ഷേമം തുടങ്ങിയ നിയമസഭാ സമിതികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് വിനോദ യാത്രയ്‌ക്കൊരുങ്ങുന്നത്.

എൺപത്തഞ്ചോളം എം.എൽ.എമാർ, അവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അകമ്പടിയായി സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും യാത്രയിൽ പങ്കെടുക്കും. സഭാസമിതികളുടെ യാത്രയ്ക്ക് സ്പീക്കർ ജി.കാർത്തികേയൻ അനുമതി നൽകിയെങ്കിലും ഒരു സമിതിയുടെ ചെയർമാൻ 11 അംഗങ്ങളുമായി വിദേശത്തേക്കു പറക്കാൻ നടത്തിയ ശ്രമം അദ്ദേഹം തടഞ്ഞതായും മംഗളത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ സമിതിക്കു ചിലതു പഠിക്കാനുണ്ടെന്ന പേരിലാണു ചെയർമാൻ സ്പീക്കർ മുമ്പാകെ നിർദേശം സമർപ്പിച്ചത്. മത്സ്യബന്ധനത്തെക്കുറിച്ചു പഠിക്കാൻ ഒരു സമിതി മലയോരഗ്രാമങ്ങൾ തെരഞ്ഞെടുത്തതും വിവാദമായി.

മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ളവർ ദക്ഷിണ കൊറിയയിലേക്കുള്ള യാത്ര വേണ്ടെന്ന് വയ്ക്കുകയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷൺ സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതൊന്നും കണ്ടില്ലെന്നു നടിച്ച് എം.എൽ.എമാർ യാത്രയ്‌ക്കൊരുങ്ങുന്നതിൽ ധനവകുപ്പ് അതൃപ്തി പ്രകടിപ്പിച്ചു. മികച്ച ശമ്പളവും വൻതോതിലുള്ള ആനുകൂല്യങ്ങളുമാണ് ഓരോ നിയമസഭാംഗത്തിനുമുള്ളത്. കറങ്ങിനടക്കാനുള്ള സ്ഥലങ്ങൾ നിശ്ചയിച്ച്, ടിക്കറ്റും താമസസൗകര്യവും ശരിയാക്കി, എല്ലാ തയാറെടുപ്പുകളും എം.എൽ.എമാർ നടത്തിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി എന്തായാലും, യാത്രയ്ക്കായി പലരും അഡ്വാൻസ് ആവശ്യപ്പെട്ടു ബഹളവുമാരംഭിച്ചു. എം.എൽ.എമാർക്കു യാത്രാബത്തയായി പ്രതിവർഷം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ കൂപ്പൺ അനുവദിക്കാറുണ്ട്. ഇതുപയോഗിച്ച് ഉല്ലാസയാത്ര നടത്തിയശേഷം പഠനയാത്രയ്ക്കുള്ള ബത്ത പ്രത്യേകം എഴുതിയെടുക്കുകയാണ് മിക്കവരും ചെയ്യുന്നത്. പഠനയാത്രയെങ്കിൽ കുടുംബാംഗങ്ങളും വനിതകൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളും എന്തിനാണെന്ന ചോദ്യവുമുയരുന്നു.

കടപ്പാട്: മംഗളം