മലപ്പുറത്ത് യുവാവിന് നേരെ സദാചാര ആക്രമണം; മര്‍ദ്ദന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

തിരൂരില് യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.
 | 
മലപ്പുറത്ത് യുവാവിന് നേരെ സദാചാര ആക്രമണം; മര്‍ദ്ദന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

മലപ്പുറം: തിരൂരില്‍ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബന്ധുവും സുഹൃത്തുമായ യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ഒരു സംഘം ബാദുഷയെ ആക്രമിച്ചത്. വടികളും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

അക്രമികള്‍ മര്‍ദ്ദനത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബാദുഷ വീട്ടിലെത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ആക്രമിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകള്‍ കരഞ്ഞ് അഭ്യര്‍ത്ഥിച്ചിട്ടും അക്രമികള്‍ വിടാന്‍ തയ്യാറായില്ല. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ബാദുഷയുടെയും യുവതിയുടെയും കുടുംബങ്ങള്‍ തമ്മില്‍ ഏറെക്കാലത്തെ ബന്ധമുണ്ട്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ചു പേര്‍ക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്. പരിക്കേറ്റ ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.