കളമശേരിയില്‍ എം.എസ്.അനസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും

കളമശേരി നിയമസഭാ മണ്ഡലത്തില് വ്യവസായിയായ എം.എസ് അനസ് ഇടതുമുന്നണി സ്ഥാനാര്ത്ഥിയായേക്കുമെന്ന് റിപ്പോര്ട്ട്.
 | 
കളമശേരിയില്‍ എം.എസ്.അനസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും

കളമശേരി നിയമസഭാ മണ്ഡലത്തില്‍ വ്യവസായിയായ എം.എസ് അനസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെയാണ് എല്‍ഡിഎഫ് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ രാഷ്ട്രീയ പോരാട്ടമല്ല വേണ്ടതെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അനസിന്റെ പേര് ഉയര്‍ന്നു വന്നത്. കോതമംഗലം സ്വദേശിയായ അനസ് നിലവില്‍ കേരള ഹജ്ജ് കമ്മിറ്റി അംഗമാണ്.

ഇടതുപക്ഷ സഹയാത്രികനായ അനസ് മണാറ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്. മന്ത്രി കെ.ടി.ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ മാധ്യമങ്ങളില്‍ അനസിന്റെ പേരും ചര്‍ച്ചയായിരുന്നു. അനസിന്റെ വീട്ടില്‍ നിന്ന് സ്വകാര്യ കാറിലായിരുന്നു ജലീല്‍ ചോദ്യംചെയ്യലിന് രഹസ്യമായി എത്തിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായ വി.കെ.ഇബ്രാഹിംകുഞ്ഞ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ അഴിമതി തന്നെയായിരിക്കും പ്രധാന തെരഞ്ഞെടുപ്പ് വിഷയം.

കേസില്‍ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞ് ഇവിടെ മത്സരിക്കാനുള്ള സന്നദ്ധത മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നത് തിരിച്ചടിയായേക്കുമെന്ന അഭിപ്രായം യുഡിഎഫില്‍ സജീവമാണെന്നാണ് വിവരം. 2011 മുതല്‍ വി.കെ ഇബ്രാഹിംകുഞ്ഞാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ത്ഥിയായാല്‍ പാലാരിവട്ടം അഴിമതിക്കേസ് സജീവ ചര്‍ച്ചയാക്കാന്‍ എല്‍ഡിഎഫിന് കഴിയുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഇബ്രാഹിം കുഞ്ഞിന്റെ അനാരോഗ്യവും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ മണ്ഡലം മുസ്ലീം ലീഗില്‍ നിന്ന് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ മുറവിളി ഉയരുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി പി.വൈ.ഷാജഹാന്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫിന് ഈ വിഷയം കീറാമുട്ടിയാകാന്‍ സാധ്യതയുള്ളതിനാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.