മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; 136 അടിയില്‍ എത്തിയാല്‍ ഷട്ടര്‍ തുറക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു

136 അടിയില് ജലനിരപ്പ് എത്തിയാല് വെളളം തുറന്നു വിടണമെന്ന് കേരളം തമിഴ്നാടിനോട്
 | 
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; 136 അടിയില്‍ എത്തിയാല്‍ ഷട്ടര്‍ തുറക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വൈകിട്ട് 132 അടിയില്‍ ജലനിരപ്പ് എത്തിയതോടെ ഇടുക്കി ജില്ലാ കളക്ടര്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 142 അടിയാണ് സുപ്രീം കോടതി നിര്‍ദേശിച്ച പരമാവധി ജലനിരപ്പ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 136 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ വെളളം തുറന്നു വിടണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് ഈ ആവശ്യമുന്നയിച്ച് കത്തയച്ചു.

ഡാമില്‍ നിന്നുള്ള ജലം ടണലിലൂടെ വൈഗ അണക്കെട്ടില്‍ ശേഖരിക്കണമെന്നാണ് ആവശ്യം. ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ഇക്കാര്യം കേരളത്തെ അറിയിക്കണമെന്നും കേരളം അറിയിച്ചിട്ടുണ്ട്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134 അടി പിന്നിട്ടിട്ടുണ്ട്. ഇടുക്കിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയായിരിക്കും വരുന്ന രണ്ടു ദിവസങ്ങളിലും ജില്ലയില്‍ പെയ്യുകയെന്നാണ് കരുതുന്നത്.

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജലസംഭരണിയിലേക്ക് 13,257 ക്യുസെക്‌സ് വെള്ളം നിലവില്‍ ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ 1650 ക്യുസെക്‌സ് മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 അടിയോളം വെള്ളം ഉയര്‍ന്നതിനാലാണ് വെള്ളം കൂടുതല്‍ തുറന്നു വിടണമെന്ന് സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടത്.