വെറുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാനാണ് തീരുമാനം; പുതിയ ഡാന്‍ഡ് വീഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

സോഷ്യല് മീഡിയയില് വൈറലായ മെഡിക്കല് വിദ്യാര്ത്ഥികളുടെ 30 സെക്കന്ഡ് നൃത്ത വീഡിയോക്കെതിരെ നടന്ന വിദ്വേഷ പ്രചാരണങ്ങളില് പ്രതിഷേധം ശക്തമാകുന്നു.
 | 
വെറുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാനാണ് തീരുമാനം; പുതിയ ഡാന്‍ഡ് വീഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ 30 സെക്കന്‍ഡ് നൃത്ത വീഡിയോക്കെതിരെ നടന്ന വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പുതിയ ഡാന്‍സ് വീഡിയോയുമായി രംഗത്തെത്തി. ആദ്യ വീഡിയോയില്‍ നൃത്തം ചെയ്ത നവീന്‍ റസാഖ്, ജാനകി ഓംകുമാര്‍ എന്നിവരെ കൂടാതെ 10 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കൂടി പുതിയ വീഡിയോയില്‍ എത്തുന്നുണ്ട്.

ഐക്യ കോളേജ് യൂണിയന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്ന ഫെയിസ്ബുക്ക് പേജിലാണ് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വെറുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാനാണ് തീരുമാനം എന്ന കുറിപ്പുമായാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. #resisthate എന്ന ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലെ നര്‍ത്തകരുടെ പേരുകളുടെ തലയും വാലും തപ്പി പോയാല്‍ ഫെയിസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍ കുറച്ചുകൂടി വക കിട്ടുമെന്ന പരിഹാസവും പോസ്റ്റിലുണ്ട്.

നവീനും ജാനകിയും നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ ലൗ ജിഹാദ് ആരോപണവുമായി സംഘപരിവാര്‍ അണികള്‍ എത്തിയിരുന്നു. കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ വിദ്വേഷ ഫെയിസ്ബുക്ക് പോസ്റ്റിലാണ് ലൗ ജിഹാദ് ആരോപണം പ്രത്യക്ഷപ്പെട്ടത്. ഇത്തരം ആരോപണങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും വീണ്ടും ഒരുമിച്ച് നൃത്തം ചെയ്യുമെന്നുമായിരുന്നു നവീനും ജാനകിയും ഇതിനോട് പ്രതികരിച്ചത്.