ചാനല്‍ റേറ്റിംഗ്; ഏഷ്യാനെറ്റുമായുള്ള മത്സരത്തില്‍ നില മെച്ചപ്പെടുത്തി 24 ന്യൂസ്; ജനം ടിവി നാലാം സ്ഥാനത്ത്

തുടര്ച്ചയായി രണ്ടാമത്തെ ആഴ്ചയിലും ന്യൂസ് ചാനലുകളുടെ ബാര്ക് റേറ്റിംഗില് കുതിപ്പ് തുടര്ന്ന് 24 ന്യൂസ്.
 | 
ചാനല്‍ റേറ്റിംഗ്; ഏഷ്യാനെറ്റുമായുള്ള മത്സരത്തില്‍ നില മെച്ചപ്പെടുത്തി 24 ന്യൂസ്; ജനം ടിവി നാലാം സ്ഥാനത്ത്

കൊച്ചി: തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും ന്യൂസ് ചാനലുകളുടെ ബാര്‍ക് റേറ്റിംഗില്‍ കുതിപ്പ് തുടര്‍ന്ന് 24 ന്യൂസ്. സെപ്റ്റംബര്‍ 12 മുതല്‍ 18 വരെയുള്ള 37-ാമത് ആഴ്ചയിലെ കണക്കുകളിലാണ് മുന്നേറ്റം വ്യക്തമാകുന്നത്. ഏഷ്യാനെറ്റുമായി വളരെ കുറഞ്ഞ പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് 24 ന്യൂസിനുള്ളത്. ജനം ടിവി ഇക്കാലയളവില്‍ വന്‍ കുതിപ്പ് നടത്തിയിട്ടുണ്ട്. മാതൃഭൂമിയെയും പിന്തള്ളി ജനം ടിവി നാലാം സ്ഥാനത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. 156.35 പോയിന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. തൊട്ടുപിന്നിലുള്ള 24 ന്യൂസ് 143.43 പോയിന്റുകള്‍ നേടി. വെറും 12.92 പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഈ ചാനലുകള്‍ തമ്മിലുള്ളത്. മുന്‍ ആഴ്ചയില്‍ 17 പോയിന്റിന്റെ വ്യത്യാസമുണ്ടായിരുന്നു. മത്സരത്തില്‍ 24 ന്യൂസ് നില മെച്ചപ്പെടുത്തുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ നടന്ന കലാപ കാലത്താണ് ജനം ടിവി ഇതിന് മുന്‍പ് മുന്നേറ്റമുണ്ടക്കിയിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ നാലാം സ്ഥാനത്തേക്ക് കുതിക്കാന്‍ ജനം ടിവിയെ സഹായിച്ചതെന്നാണ് കരുതുന്നത്. മനോരമ ന്യൂസിനാണ് റേറ്റിംഗ് പട്ടികയില്‍ മൂന്നാം സ്ഥാനം. മാതൃഭുമി ന്യൂസ് 5-ാം സ്ഥാനത്തും കൈരളി ന്യൂസ് 6-ാം സ്ഥാനത്തും ന്യൂസ 18 കേരള 7-ാം സ്ഥാനത്തും മീഡിയവണ്‍ 8-ാം സ്ഥാനത്തുമാണ് ഉള്ളത്.