പ്രാര്‍ത്ഥനക്കിടെ മോശം അനുഭവങ്ങളുണ്ടായി; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ മൊഴി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജലന്ധറിലെ കന്യാസ്ത്രീകളുടെ മൊഴി. മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകളാണ് ബിഷപ്പിനെതിരെ മൊഴി നല്കിയിരിക്കുന്നത്. ബിഷപ്പ് 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരില് നടത്തിയിരുന്ന പ്രാര്ത്ഥനക്കിടെ മോശം അനുഭവങ്ങളുണ്ടായെന്നാണ് മൊഴി.
 | 

പ്രാര്‍ത്ഥനക്കിടെ മോശം അനുഭവങ്ങളുണ്ടായി; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ മൊഴി

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജലന്ധറിലെ കന്യാസ്ത്രീകളുടെ മൊഴി. മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകളാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ്പ് ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ നടത്തിയിരുന്ന പ്രാര്‍ത്ഥനക്കിടെ മോശം അനുഭവങ്ങളുണ്ടായെന്നാണ് മൊഴി.

പ്രാര്‍ത്ഥനക്കെന്ന പേരില്‍ ബിഷപ്പ് അര്‍ദ്ധരാത്രിയില്‍ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ഈ പ്രാര്‍ത്ഥനാ പരിപാടി സഭ നിര്‍ത്തിവെക്കുകയായിരുന്നുവെന്നും ജലന്ധറിലെത്തിയ അന്വേഷണ സംഘത്തോട് കന്യാസത്രീകള്‍ പറഞ്ഞു. ബിഷപ്പിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ പരാതി അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

കന്യാസ്ത്രീയുടെ പരാതി ശരിവെക്കുന്ന മൊഴിയാണ് മറ്റു കന്യാസ്ത്രീകളും നല്‍കിയിരിക്കുന്നത്. വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം മദര്‍ ജനറാള്‍ ഉള്‍പ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികളാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.

2014ലാണ് ബിഷപ്പില്‍ നിന്ന് മോശം അനുഭവം തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് മൊഴി. പകല്‍ മുഴുവന്‍ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകള്‍ പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള്‍ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. കന്യാസ്ത്രീകളെ കൂടാതെ നാലു വൈദികരും അന്വേഷണസംഘത്തിനു മൊഴി നല്‍കി.