സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകുന്നതിന് മുന്‍പ് ഗവര്‍ണറെ അറിയിക്കേണ്ടതില്ല; ആരിഫ് ഖാനെ തള്ളി പി.സദാശിവം

131ാം വകുപ്പ് പ്രകാരം കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്പ് തന്റെ അനുമതി വാങ്ങണം. സര്ക്കാരിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും ഗവര്ണര് ആരിഫ് ഖാന് പറഞ്ഞിരുന്നു.
 | 
സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകുന്നതിന് മുന്‍പ് ഗവര്‍ണറെ അറിയിക്കേണ്ടതില്ല; ആരിഫ് ഖാനെ തള്ളി പി.സദാശിവം

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറുമായുള്ള വാക്‌പോര് മുറുകുന്നതിനിടെ ആരിഫ് ഖാന്റെ വാദങ്ങള്‍ തള്ളി മുന്‍ഗവര്‍ണറും മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമായ പി സദാശിവം. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്‍പ് ഗവര്‍ണറോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നായിരുന്നു ആരിഫ് ഖാന്‍ പറഞ്ഞത്. എന്നാല്‍ അത്തരമൊരു ഭരണഘടന ബാധ്യതയില്ലെന്നും മര്യാദയെന്ന നിലയില്‍ വേണമെങ്കില്‍ അറിയിക്കാമെന്നും പി സദാശിവം പറയുന്നു. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സദാശിവം ഇക്കാര്യം വ്യക്തമാക്കിയത്.

131ാം വകുപ്പ് പ്രകാരം കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് തന്റെ അനുമതി വാങ്ങണം. സര്‍ക്കാരിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും ഗവര്‍ണര്‍ ആരിഫ് ഖാന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് ഗവര്‍ണറോട് കാര്യങ്ങള്‍ വിശദീകരിച്ചത്. ഗവര്‍ണര്‍ ആരിഫ് ഖാന്‍ പറഞ്ഞിരിക്കുന്ന രീതി ഭരണഘടനയില്‍ പറയുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗവര്‍ണറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ഗവര്‍ണറെ മനഃപൂര്‍വം അവഗണിച്ചതല്ലെന്നും റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.