പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ തീരുമാനം; മേല്‍നോട്ടം ഇ.ശ്രീധരന്

പാലാരിവട്ടം മേല്പ്പാലം പൊളിച്ചു പണിയാന് തീരുമാനം.
 | 
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ തീരുമാനം; മേല്‍നോട്ടം ഇ.ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇ.ശ്രീധരന്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കും. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണത്തിലെ പാളിച്ചകൊണ്ട് ബലക്ഷയം ഉണ്ടായ പാലം പുനരുദ്ധരിക്കുകയോ ബലപ്പെടുത്തുകയോ ചെയ്യുന്നത് സ്ഥായിയായ പരിഹാരമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്രീധരനും ചെന്നൈ ഐഐടിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടായിരുന്നതിനാല്‍ അത് തള്ളി. നിര്‍മാണത്തിനും മേല്‍നോട്ടത്തിനും വിദഗ്ദ്ധ ഏജന്‍സികളെ ഏല്‍പ്പിക്കും. പൊതുവായ മേല്‍നോട്ടത്തിന് ഇ.ശ്രീധരന്‍ സമ്മതിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

പാലത്തിന്റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ ശ്രീധരന്‍ തന്നെയായിരിക്കും തയ്യാറാക്കുക. പാലം പുനര്‍നിര്‍മിക്കുന്നത് തന്നെയായിരിക്കും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികവും ഉചിതവുമെന്ന് കൂടിക്കാഴ്ചയില്‍ വിലയിരുത്തലുണ്ടായെന്നും മുഖ്യന്ത്രി പറഞ്ഞു.