പാവക്കുളം ക്ഷേത്രത്തില്‍ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്തു

കലൂര് പാവക്കുളം ക്ഷേത്രത്തില് സംഘപരിവാര് സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയില് പ്രതിഷേധിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
 | 
പാവക്കുളം ക്ഷേത്രത്തില്‍ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്തു

കൊച്ചി: കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആതിരയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബിജെപി വ്യവസായ സെല്‍ കണ്‍വീനറും ക്ഷേത്രത്തിലെ പരിപാടിയുടെ സംഘാടകയുമായ സജിനി നല്‍കിയ പരാതിയില്‍ ആതിരക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഐപിസി 447 പ്രകാരം അതിക്രമിച്ച് കയറിയതിനാണ് കേസ്. പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഗമം പരിപാടിക്കിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച യുവതിയെ മറ്റു സ്ത്രീകള്‍ കയ്യേറ്റം ചെയ്യുകയും കൊലവിളി മുഴക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ആതിരയെ മറ്റു സ്ത്രീകള്‍ ചേര്‍ന്ന് തള്ളിപ്പുറത്താക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

ഇതിനിടയില്‍ നിയമത്തെ അനുകൂലിക്കുന്നതും കുറി തൊടുന്നതും തന്റെ രണ്ട് പെണ്‍മക്കളെ കാക്ക കൊത്തിക്കൊണ്ടു പോകാതിരിക്കാനാണെന്ന് ഒരു സ്ത്രീ വിളിച്ചു പറയുന്നുണ്ടായിരുന്നു. പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ അര്‍ബന്‍ നക്‌സലൈറ്റ് എന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വിശേഷിപ്പിക്കുന്നത്.