പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി

ആന്തൂരില് കണ്വെന്ഷന് സെന്ററിന് പ്രവര്ത്തനാനുമതി നിഷേധിച്ചതിനെത്തുടര്ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില് നഗരസഭാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി.
 | 
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി

കണ്ണൂര്‍: ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി. സാജന്‍ പാറയില്‍ നിര്‍മിച്ച പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനു പിന്നില്‍ നഗരസഭാ സെക്രട്ടറിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാകുന്നതു വരെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് നല്‍കിയ അപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

സാജന്റെ ആത്മഹത്യയെത്തുടര്‍ന്ന് ഗിരീഷ് സസ്‌പെന്‍ഷനിലാണ്. സസ്പെന്‍ഷനിലുള്ള നഗരസഭാ അസി. എഞ്ചിനീയര്‍ കലേഷിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തി. ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് വിവരം. സാജന്റ ബന്ധുക്കളുടെയും ജീവനക്കാരുടെയും മൊഴികള്‍ അന്വേഷണ സംഘം നേരത്തെ എടുത്തിരുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടന്നുവെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. ലൈസന്‍സ് നല്‍കാമെന്ന് മുനിസിപ്പല്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി അതിന് തടസം നില്‍ക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.