കുറ്റ്യാടിയില്‍ കടകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

പൗരത്വ ഭേദഗതിയില് വിശദീകരണത്തിന് ബിജെപി യോഗം സംഘടിപ്പിച്ചതില് പ്രതിഷേധിച്ച് കുറ്റ്യാടിയില് കടകള് അടച്ചിടാന് ആഹ്വാനം ചെയ്തവര്ക്കെതിരെ കേസെടുത്ത് പോലീസ്
 | 
കുറ്റ്യാടിയില്‍ കടകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: പൗരത്വ ഭേദഗതിയില്‍ വിശദീകരണത്തിന് ബിജെപി യോഗം സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ കടകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കുറ്റ്യാടി പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രണ്ടു പേര്‍ക്കെതിരെയാണ് കേസ്. പ്രകോപനം ഉണ്ടാക്കുക, വിദ്വേഷ പ്രചരണം നടത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എന്നാല്‍ കേസെടുത്തവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. തിങ്കളാഴ്ച വൈകുന്നേരം 3 മണിക്കായിരുന്നു ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മിറ്റി രാഷ്ട്ര രക്ഷാ റാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുന്‍പ് തന്നെ പ്രദേശത്തെ കടകള്‍ അടച്ച് വ്യാപാരികളും നാട്ടുകാരും ബഹിഷ്‌കരിച്ചു.

ഇതേത്തുടര്‍ന്ന് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തി. ‘ഉമ്മപ്പാല്‍ കുടിച്ചെങ്കില്‍ ഇറങ്ങി വാടാ പട്ടികളെ’, ‘ഓര്‍മ്മയില്ലേ ഗുജറാത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബി.ജെ.പി നേതാവ് എം.ടി രമേശുമാണ് പരിപാടിയില്‍ പങ്കെടുത്തത്.