ഈ നിയമം ക്രൂരം, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നത്; പോലീസ് ആക്ട് ഭേദഗതിക്ക് എതിരെ പ്രശാന്ത് ഭൂഷണ്‍

സംസ്ഥാനം പാസാക്കിയ പോലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്.
 | 
ഈ നിയമം ക്രൂരം, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നത്; പോലീസ് ആക്ട് ഭേദഗതിക്ക് എതിരെ പ്രശാന്ത് ഭൂഷണ്‍

സംസ്ഥാനം പാസാക്കിയ പോലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍. ഈ നിയമം ക്രൂരമാണെന്നും വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ സാധ്യതയുള്ളതാണെന്നും ഭൂഷണ്‍ ട്വീറ്റില്‍ പറഞ്ഞു. കുറ്റകരമെന്നോ ഭീഷണിയെന്നോ കണക്കാക്കാവുന്ന സോഷ്യല്‍ മീഡിയ-സൈബര്‍ പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് ആണ് കേരളം പാസാക്കിയിരിക്കുന്നതെന്നും ഇത് നിര്‍ദ്ദയവും വിയോജിപ്പുകളെ നിശബ്ദമാക്കാന്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതുമാണെന്ന് അദ്ദേഹം ട്വീറ്റില്‍ വിശദീകരിച്ചു.

ഐടി ആക്ടില്‍ നിന്ന് എടുത്തുകളഞ്ഞ 66എ വകുപ്പിന് സമാനമാണ് ഈ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് ആക്ടില്‍ ഭേദഗതി വരുത്തി 118 എ വകുപ്പ് ഉള്‍പ്പെടുത്തി അവതരിപ്പിച്ച ഓര്‍ഡിനന്‍സ് ഇന്നലെ ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ നിയമമായി മാറി. സൈബര്‍ അതിക്രമങ്ങള്‍ ചെറുക്കാനാണ് ഈ നിയമമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമൂഹ മാധ്യമങ്ങള്‍ക്കു പുറമേ എല്ലാ മാധ്യമങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ നിയമം അനുസരിച്ച് അപകീര്‍ത്തികരമോ ഭീഷണിപ്പെടുത്തുന്നതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സൈബര്‍ ഉള്ളടക്കങ്ങളും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യമാണ്. 5 വര്‍ഷം വരെ തടവോ 10000 രൂപ വരെ പിഴയോ ഇവ ഒന്നിച്ചോ ആണ് ശിക്ഷ.