സംസ്ഥാനത്ത് 20 വരെ മഴ തുടരും; കനത്ത മഴയില്‍ 12 മരണം

സംസ്ഥാനത്ത് കനത്ത മഴ 20 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 18 മുതല് വടക്കന് കേരളത്തില് മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 12 പേരാണ് മരിച്ചത്. വ്യാപക നാശനഷ്ടമാണ് വിവിധയിടങ്ങളിലായി രേഖപ്പെടുത്തിയത്.
 | 

സംസ്ഥാനത്ത് 20 വരെ മഴ തുടരും; കനത്ത മഴയില്‍ 12 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ 20 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 18 മുതല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 12 പേരാണ് മരിച്ചത്. വ്യാപക നാശനഷ്ടമാണ് വിവിധയിടങ്ങളിലായി രേഖപ്പെടുത്തിയത്.

തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്. തിരുവനന്തപുരത്ത 16 വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു. ഇവിടെ താമസിച്ചിരുന്നവര്‍ക്കായി ദുരിതാസ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അപ്പര്‍ കുട്ടനാട് മേഖലയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. മേഖലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ആലപ്പുഴയില്‍ 3000 വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മീനച്ചിലാര്‍ കര കവിഞ്ഞതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പൂര്‍ണ്ണമായും വെള്ളത്തിലായി. റോഡുകളില്‍ വെള്ളം ഉയര്‍ന്നതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

ഇടുക്കിയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൂമാല മേത്തൊട്ടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കി.

കൊച്ചിയില്‍ പല പ്രദേശങ്ങളും വെള്ളത്തിലാണ്. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളം കയറി. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം നിറഞ്ഞത് ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.