നവാസിനെ കാണാതായത് എസിപിയുടെ മാനസികപീഡനം മൂലമെന്ന് ഭാര്യ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊച്ചി സെന്ട്രല് പോലീസ് സ്റ്റേഷനിലെ സര്ക്കിള് ഇന്സ്പെക്ടര് വി.എസ്.നവാസിനെ കാണാതായതിനു പിന്നില് മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ഭാര്യ.
 | 
നവാസിനെ കാണാതായത് എസിപിയുടെ മാനസികപീഡനം മൂലമെന്ന് ഭാര്യ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊച്ചി: കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.നവാസിനെ കാണാതായതിനു പിന്നില്‍ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ഭാര്യ. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ വയര്‍ലെസിലൂടെ തെറി പറഞ്ഞതില്‍ നവാസ് ദുഃഖത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിന് അടുത്ത ദിവസം പുലര്‍ച്ചെയാണ് നവാസിനെ കാണാതാകുന്നത്.

നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. അസിസ്റ്റന്റ് കമ്മീഷണറുമായി നവാസ് നടത്തിയ വയര്‍ലെസ് സംഭാഷണത്തിന്റെ രേഖകള്‍ പരിശോധിക്കണമെന്നും കുറ്റക്കാരനായ എസിപിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. എസിപിയുടെ നിരന്തര പീഡനം കാരണമാണ് തന്റെ ഭര്‍ത്താവ് നാടുവിട്ടു പോയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കള്ളക്കേസുകള്‍ എടുക്കാനും നിയമവിരുദ്ധ പ്രവൃത്തികള്‍ക്കും നവാസിനു മേല്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറമായിരുന്നു ഉപദ്രവം. സിറ്റിയിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് വയര്‍ലെസിലൂടെ നവാസിനെ തെറി വിളിച്ചതെന്നും അവര്‍ പറഞ്ഞു. ഡിസിപി പൂങ്കുഴലിക്കാണ് നവാസിനെ കാണാതായ കേസില്‍ അന്വേഷണച്ചുമതല.